തിരുവനന്തപുരം: പരാധീനതയിലമർന്ന് കാലം കഴിക്കുന്ന ജനറൽ ആശുപത്രിയിലെ ക്ളിനിക്കൽ ലബോറട്ടറി അവഗണനയോട് വിടപറയാൻ കാത്തിരിക്കുന്നു. ദിവസവും നൂറുകണക്കിന് രോഗികളുടെ രക്തം, മലം, മൂത്രം തുടങ്ങിയവയുടെ സാമ്പിളുകൾ പരിശോധിക്കാൻ ഗോവണി കയറിയിറങ്ങുകയാണ് ലബോറട്ടറി ടെക്നീഷ്യൻമാർ. കൂടാതെ അരമതിലും ചാടിക്കടക്കണം.
അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് പിന്നിലാണ് ക്ളിനിക്കൽ ലാബ്. താഴത്തെ ഒറ്റമുറിയിലാണ് രോഗികളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നത്. പരിശോധന ഫലത്തിനായി ഇവിടെതന്നെയാണ് രോഗികൾ കാത്തിരിക്കേണ്ടതും. ഇതിനോട് ചേർന്നുള്ള സ്ഥലത്ത് അപൂർവം പരിശോധനകൾ നടത്താൻ സൗകര്യമുണ്ടെങ്കിലും വിശദമായ പരിശോധനകൾക്കുള്ള ഉപകരണങ്ങളെല്ലാം മുകളിലെ നിലയിലാണ്.
അത്യാഹിത വിഭാഗത്തിലെ സർജിക്കൽ ഒ.പിയുടെ അരികിലൂടെയാണ് ഇവിടേക്കുള്ള പടിക്കെട്ടുകളുള്ളത്. ഒരു വട്ടം കെട്ടിടത്തെ ചുറ്റിയാലേ പടിക്കെട്ടുവഴി മുകളിലെത്താനാകൂ. ഇത് സമയനഷ്ടം ഉണ്ടാക്കുന്നതിനാലാണ് താഴത്തെ ലാബിൽ നിന്ന് മുകളിലെത്താൻ ഇരുമ്പ് പിരിയൻ ഗോവണി പണിതത്. രോഗികളുടെ വിവിധതരം സാമ്പിളുകളുമായി ഇതുവഴി മുകളിലേക്ക് കയറുന്ന ടെക്നീഷ്യൻമാർ ജനൽ ചാടിക്കടന്നു വേണം ലാബിലെത്താൻ. ഇത്തരത്തിൽ ദിവസവും നിരവധി തവണ അരമതിലിലുള്ള ജനൽ ചാടേണ്ട ഗതികേടിലാണിവർ.
തിരക്കുള്ള സമയത്ത് ഒരു കൈയിൽ ട്രേയിൽ അടുക്കിയ സാമ്പിളുമായുള്ള ഗോവണികയറ്റം അപകടങ്ങൾക്കിടയാക്കാറുണ്ട്.
കൂടാതെ പരിശോധന വിഭാഗങ്ങളെല്ലാം പലയിടങ്ങളിലായാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവ ഒറ്റ മേൽക്കൂരയ്ക്ക് കീഴിലേക്ക് മാറ്റിയാൽ രോഗികൾക്ക് കൂടുതൽ സൗകര്യമാകും. മാത്രമല്ല ഒ.പി വിഭാഗത്തിൽ ചികിത്സ തേടുന്നവരോട് ലാബ് പരിശോധന നടത്താൻ നിർദ്ദേശിക്കാറുണ്ട്. എന്നാൽ അവശരായ രോഗികൾക്ക് പരിശോധനാ ഫലം കാത്തിരിക്കാനുള്ള സൗകര്യം നിലവിലെ കെട്ടിടത്തിലില്ല. ആർദ്രം പദ്ധതിയിലുൾപ്പെടുത്തി ലാബിൽ കൂടുതൽ സൗകര്യങ്ങളൊരുക്കണമെന്നാണ് ജീവനക്കാരുടെയും രോഗികളുടെയും ആവശ്യം.
'ആർദ്രം പദ്ധതിയിലുൾപ്പെടുത്തി കാഷ്വാലിറ്റി ബിൽഡിംഗിൽ ലിഫ്റ്റ് സംവിധാനം ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചു. പണി പൂർത്തീകരിക്കുന്നതോടെ പിരിയൻ ഗോവണി മാറ്റും. അത് ജീവനക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും.'
ഡോ. സരിത,
ജനറൽ ആശുപത്രി സൂപ്രണ്ട്