സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന അയ്യപ്പനും കോശിയും എന്ന സിനിമയിൽ പൃഥിരാജും ബിജു മേനോനും നായകന്മാരായി എത്തുന്നു. സച്ചിസംവിധാനം ചെയ്ത ആദ്യ സിനിമയായ അനാർക്കലിയിലും പൃഥിരാജും ബിജു മേനോനുമായിരുന്നു നായകന്മാർ.അയ്യപ്പനായി പൃഥിരാജും കോശിയായി ബിജു മേനോനും എത്തുന്നു. പൃഥിരാജ് പ്രൊഡ ക് ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. നയനാണ് ആദ്യ സിനിമ.അയ്യപ്പനും കോശിയും മാർച്ചിൽ ഷൂട്ടിംഗ് ആരംഭിക്കും.
ഇപ്പോൾ ജോർദ്ദാനിൽ ബ്ളെസി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിന്റെ രണ്ടാംഘട്ട ചിത്രീകരണത്തിൽ പങ്കെടുത്തു വരികയാണ് പൃഥ്വിരാജ്. ഫെബ്രുവരി അവസാനം വരെ ജോർദ്ദാനിൽ ആട് ജീവിതത്തിന്റെ ചിത്രീകരണമുണ്ടാകും. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ മാർച്ച് 28 നാണ് തിയേറ്ററുകളിൽ എത്തുന്നത്. കലാഭവൻ ഷാജോൺ സംവിധായകനാകുന്ന ബ്രദേഴ്സ് ഡേയാണ് പൃഥ്വിരാജിന്റെ മറ്റൊരു പുതിയ ചിത്രം.
അതേസമയം നാദിർഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി പൂർത്തിയാക്കിക്കഴിഞ്ഞ് ബിജു മേനോൻ ഇനി അഭിനയിക്കുന്നത് ലാൽജോസിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ്. മാർച്ചിൽ തലശ്ശേരിൽ ചിത്രീകരണം ആരംഭിക്കുന്ന ഇൗ ചിത്രത്തിൽ നിമിഷ സജയനാണ് നായിക.
വെള്ളിമൂങ്ങയ്ക്കും മുന്തിരിവള്ളികൾ തളിർക്കുമ്പോളിനും ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയാണ് ബിജുമേനോന്റെ മറ്റൊരു ചിത്രം. നിവിൻപോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിലും ബിജു മേനോൻ സുപ്രധാനമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്.