flood

ന്യൂഡൽഹി: കേരളത്തിലെ പ്രളയ രക്ഷാ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ ബിൽ നൽകി. 102 കോടി രൂപയുടെ കണക്കുകളാണ് കേന്ദ്ര സർക്കാർ കേരളത്തിന് അയച്ചത്. പ്രളയസമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ചതിനുള്ള കണക്കുകളടക്കമാണ് ബില്ലിൽ പറയുന്നത്. തിങ്കളാഴ്‌ച രാജ്യസഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ രേഖാമൂലം നൽകിയ മറുപടിയിൽ 517 തവണ വിമാനം പറത്തിയെന്നും 3787 പേരെ എയർലിഫ്റ്റ് ചെയ്‌തെന്നും 1350 ടൺ സാധനസാമഗ്രികൾ കയറ്റിയെന്നും പറയുന്നു.

വ്യോമസേനയുടെ ഹെലികോപ്ടറുകൾ 634 തവണ പറത്തി. 584പേരെ രക്ഷപ്പെടുത്തി. 247 ടൺ സാധന സാമഗ്രികൾ ഹെലികോപ്ടറുകളിൽ കയറ്റിയെന്നും വിശദമായ രേഖയിൽ പറയുന്നു. 'പ്രളയസമയത്ത് വ്യോമസേനയുടെ എയർക്രാഫ്റ്റുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചതിന് 102.6 കോടി രൂപയുടെ ബില്ലുകൾ കേരളത്തിന് നൽകിയിട്ടുണ്ട്. വ്യോമസേനയുടെ എയർക്രാഫ്റ്റുകളും ഹെലികോപ്ടറുകളും വിട്ടുനൽകുന്നതിന് വേണ്ടി വരുന്ന ചെലവ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ ഈടാക്കാറുണ്ടെ'ന്നും മന്ത്രി പറഞ്ഞു. പ്രളയസമയത്തെ ചിലവ് സംബന്ധിച്ച വിശദമായ കണക്കുകൾ സേനയും നേവിയും തയാറാക്കിവരികയാണെന്നും മന്ത്രി അറിയിച്ചു.