പൊന്നാനി: ഒന്ന് കണ്ണടച്ചു തുറന്നപ്പോഴേക്കും പളപളാ തിളങ്ങിയ കല്യാണവീട് വെളുവെളാ വെളുത്തതിന്റെ അമ്പരപ്പിലാണ് പൊന്നാനിക്കാർ. പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ് ഭാഗത്ത് മേത്തി ഹനീഫയുടെ വീട്ടിലാണ് സ്വർണം വെള്ളിയായി മാറിയത്. ഹനീഫയുടെ മകളുടെതായിരുന്നു വിവാഹം. കല്യാണപെണ്ണിന്റെയും ബന്ധുക്കളുടെതുമടക്കം 30 പവനോളം സ്വർണമാണ് ഞൊടിയിടയിൽ രൂപം മാറി വെള്ളി നിറത്തിലായത്.
വീട്ടുകാരും നാട്ടുകാരും ആകെ പരിഭ്രമത്തിലാണെങ്കിലും അമോണിയത്തിെന്റ അംശം ആഭരണങ്ങളിൽ പറ്റിയതാകാം നിറം മാറ്റത്തിന് കാരണമെന്നാണ് വിദഗ്‌ദാഭിപ്രായം. കടൽ തീരത്തിനോട് ചേർന്നു നിൽക്കുന്ന വീടായതിനാൽ പ്രദേശത്തെ ഏതെങ്കിലും രാസപ്രവർത്തനമാകാം സ്വർണ്ണം നിറം മാറുന്നതിന് ഇടയാക്കിയതെന്നാണ് അഭിപ്രായവും ഉയരുന്നുണ്ട്.
ശനിയാഴ്ച്ച മുതൽ തന്നെ ആഭരണങ്ങളിൽ ചെറിയ നിറം മാറ്റം ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും കല്യാണ തിരക്കിനിടയിൽ വീട്ടുകാർ അത് കാര്യമായി എടുത്തിരുന്നില്ല. ആശങ്കയുളവാക്കുന്ന തരത്തിൽ വെള്ളി നിറം പ്രത്യക്ഷമായതോടെയാണ് കാര്യം നിസാരമല്ലെന്ന് തിരിച്ചറിഞ്ഞത്. എന്തായാലും സത്യാവസ്ഥയറിയാൻ വിദഗ്ദരെ സമീപിക്കാനൊരുങ്ങുകയാണ് വീട്ടുകാർ.