ഹൈദരാബാദ്: സഹപാഠിയും കീഴ്ജാതിക്കാരനുമായ യുവാവിനെ പ്രണയിച്ചെന്ന് ആരോപിച്ച് യുവതിയെ പിതാവ് കൊലപ്പെടുത്തി. കോളേജ് വിദ്യാർത്ഥിനിയായ വൈഷ്ണവി എന്ന ഇരുപതുകാരിയാണ് കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് അയൽക്കാരാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് യുവതിയുടെ പിതാവ് വെങ്ക റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈഷ്ണവി സഹപാഠിയും കീഴ്ജാതിക്കാരനുമായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവർ ഒളിച്ചോടി വിവാഹം കഴിക്കുമെന്ന കരുതി യുവാവിനെ കാണാൻ പാടില്ലെന്നും പ്രണയബന്ധം അവസാനിപ്പിക്കണമെന്നും വെങ്കയ്യ മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി ഇതിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കം ഉണ്ടാവുകയും പ്രകോപിതനായ വെങ്കയ്യ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
യുവതിയുടെ മൃതദേഹം കണ്ടെടുത്തപ്പോൾ സാധാരണ മരണമായാണ് പൊലീസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഫോറൻസിക് വിദഗ്ദരുടെ നിരീക്ഷണത്തിൽ ഇത് സാധാരണ മരണമല്ല കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. തുടർന്ന് പിതാവ് വെങ്കയ്യയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇയാൾ കുറ്റസമ്മതം നടത്തുകയുമായിരുന്നു.