death

ഭോപ്പാൽ: ഈജിപ്ഷ്യൻ മമ്മികൾക്ക് സമാനമായി പൊതിഞ്ഞ രീതിയിൽ അടച്ചു പൂട്ടിയ ഫ്ലാറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ വിദ്യാനഗറിലെ ഒരു ഫ്ലാറ്റിലാണ് സംഭവം. ബ്ലാങ്കറ്റുകളും തുണിയുമുപയോഗിച്ച് വരിഞ്ഞ് മരപ്പെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഈജിപ്‌റ്റ‌‌ിലെ മമ്മികളെ പൊതിയുന്നതിന് സമാനമായ രീതിയിൽ ബ്ലാങ്കറ്റുകളും തുണിയും കൊണ്ട് വരിഞ്ഞു മുറുക്കിയ നിലയിലായിരുന്നു മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ഏകദേശം ആറുമാസങ്ങൾക്ക് മുൻപാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ദിനേശ് അഗർവാൾ വ്യക്തമാക്കി. ഏകദേശം ആറുമാസത്തിന് മുകളിലായി ഫ്ലാറ്റ് പൂട്ടിക്കിടക്കുകയാണെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു.

മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോ,​ മരണകാരണം എന്താണെന്നോ അറിയാൻ സാധിക്കുകയുള്ളു. മാത്രമല്ല മൃതദേഹത്തിൽ നിന്ന് ഇതുവരെ മുറിപ്പാടുകളോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.

എന്നാൽ ഇതേ ഫ്ലാറ്റിൽ താമസിച്ചിരുന്ന മധ്യപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ ഉദ്യോഗസ്ഥയായിരുന്ന വിമല ശ്രീവാസ്തവ (60)യുടേതാണോ മൃതദേഹമെന്നു പൊലീസ് സംശയിക്കുന്നുണ്ട്. മകൻ അമിത്തിനൊപ്പമാണ് അദ്ദേഹം ഫ്ലാറ്റിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ആറു മാസങ്ങൾക്ക് മുൻപ് ഇവരെ കാണാതായിരുന്നു. വിമല ശ്രീവാസ്തവയുടെ മകൻ അമിത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ദിനേശ് അഗർവാൾ അറിയിച്ചു.

എട്ട്മാസങ്ങൾക്ക് മുൻപാണ് ഫ്ളാറ്റ് വിറ്റത്. എന്നാൽ ഇത് പൂട്ടിക്കിടക്കുന്നതിനാൽ പുതിയ ഉടമയ്ക്ക് ഫ്ലാറ്റിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഫ്ളാറ്റ് വൃത്തിയാക്കാനായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് പൊലീസ് വ്യക്തമാക്കി.