പെരുന്ന: പുതിയൊരു രാഷ്‌ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ ഉടലെടുത്തിരിക്കുന്നത്. ശബരിമല യുവതി പ്രവേശന വിധിയും അത് നടപ്പാക്കാൻ സർക്കാർ മുൻകൈ എടുത്തതുമെല്ലാം എൻ.എസ്.എസിനെ അവർ ഇതുവരെ സ്വീകരിച്ചു വന്ന സമദൂര നിലപാടിൽ നിന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. ഇടതെന്നോ വലതെന്നോ ഉള്ള ആഭിമുഖ്യമില്ലാതെ പ്രഖ്യാപിത നയമായി എൻ.എസ്.എസ് ഉയർത്തിക്കാട്ടിയിരുന്ന സമദൂര സിദ്ധാന്തം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ മനപൂർവമായി തന്നെ മറന്നേക്കുമെന്ന് ഉറപ്പാണ്. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സുകുമാരൻ നായരും പരസ്‌പരം നടത്തിയ വാദപ്രതിവാദങ്ങൾ കാര്യങ്ങൾ അങ്ങോട്ടേക്ക് തന്നെന്ന വ്യക്തമായ സൂചനയും നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ കൈവന്നിരിക്കുന്ന അവസരം മുതലാക്കാൻ തന്നെയാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുക. ശബരിമല വിഷയത്തിൽ എൻ.എസ്.എസിനോട് ചേർന്ന് പ്രവർത്തിച്ചതും നായർ സംഘടനയുടെ ദീർഘകാല ആവശ്യമായ മുന്നാക്കസംവരണം കേന്ദ്രം നടപ്പാക്കിയതുമെല്ലാം തങ്ങൾക്ക് ഗുണകരമായി വരുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വം. സംഘപരിവാർ നേതാക്കളെല്ലാം തന്നെ ഇപ്പോൾ എൻ.എസ്.എസുമായി മികച്ച ബന്ധം പുലർത്തുന്നുണ്ട്. നടൻ മോഹൻലാലിനെയടക്കം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ബി.ജെ.പിക്കും ആർ.എസ്.എസിനുമൊപ്പം എൻ.എസ്.എസും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
എൻ.എസ്.എസ് നേതൃത്വം പറഞ്ഞാൽ കേൾക്കുന്നവരല്ല നായന്മാർ എന്ന ഇടതുമുന്നണി കൺവീനർ എ. വിജയരാഘവന്റെ പ്രസ്‌താവന സുകുമാരൻ നായരെ പ്രകോപിപ്പിച്ചിരുന്നു. എൻ.എസ്. എസ് പറഞ്ഞാൽ അണികൾ കേൾക്കുമോയെന്ന് തിരഞ്ഞെടുപ്പിൽ കാണാമെന്നായിരുന്നു സുകുമാരൻ നായർ തിരിച്ചടിച്ചത്. എൻ.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാൻ ഭരണത്തിലുള്ളവർ ശ്രമിക്കുകയാണ്. ഇവർ ജനിക്കുന്നതിനു മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണിത്. നവോത്ഥാനം കേരളത്തിൽ നടന്നിട്ടുണ്ടെങ്കിൽ അത് എൻ.എസ്.എസ് മുൻ കൈയെടുത്തിട്ടാണ്. കമ്മ്യൂണിസ്റ്റുകാർ കൂടുന്നിടത്തൊക്കെ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ഛായാചിത്രം വയ്‌ക്കുന്ന കാഴ്‌ചയാണ് ഇപ്പോഴുള്ളതെന്നും സുകുമാരൻ നായർ പ്രതികരിക്കുകയുണ്ടായി.