ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഷില്ലോംഗിൽ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ കമ്മിഷണറെ അറസ്‌റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് നിർദ്ദേശിച്ച കോടതി രാജീവ് കുമാറിനോട് അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവിട്ടു. വിഷയത്തിൽ കോടതി അലക്ഷ്യമുള്ള വിഷയങ്ങൾ പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്‌റ്റഡിയിൽ എടുത്തുവെന്ന പരാതിയിൽ പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് നൽകാനും ഇക്കാര്യത്തിൽ ഈ മാസം 118നകം ഉത്തരം നൽകാനും കോടതി നിർദ്ദേശിച്ചു. സി.ബി.ഐക്ക് മുന്നിൽ ഹാജരാകാൻ മുതിർന്ന ഉദ്യോഗസ്ഥർ മടിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, വിധി ധാർമിക വിജയമാണെന്ന് പ്രതികരിച്ച മമതാ ബാനർജി ജനാധിപത്യമാണ് ബിഗ് ബോസെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. അന്വേഷണവുമായി സഹകരിക്കില്ലെന്ന് രാജീവ് കുമാർ പറഞ്ഞിട്ടില്ല. മോദിയും അമതി ഷായും ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. മോദി പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സി.ബി.ഐ നീക്കം മമതാ ബാനർജിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാൾ പൊലീസ് തടഞ്ഞതോടെയാണ് വൻ പ്രതിസന്ധി രൂപപ്പെട്ടത്. ഇക്കാര്യത്തിൽ മമതയ്‌ക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തു. കേസിലെ തെളിവ് നശിപ്പിക്കാനാണ് രാജീവ് കുമാർ ശ്രമിക്കുന്നതെന്ന് കോടതിയിൽ സി.ബി.ഐ ആരോപിച്ചു. കേസിലെ പ്രതികളിൽ നിന്ന് പിടികൂടിയ ലാപ്‌ടോപ്പും മറ്റ് തെളിവുകളും അവർക്ക് തന്നെ തിരിച്ച് നൽകിയെന്നും സി.ബി.ഐ കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്‌തു. കേസ് ആദ്യം അന്വേഷിച്ച രാജീവ് കുമാർ തെളിവുകളൊന്നും തന്നെ സി.ബി.ഐക്ക് നൽകിയിരുന്നില്ല. ഇത് തെളിവ് നശിപ്പിക്കുന്നതിനുള്ള ഭാഗമാണെന്നും സി.ബി.ഐ ആരോപിച്ചു.