വയനാട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡി.സി.സി മുൻ സെക്രട്ടറി ഒ.എം. ജോർജ് പൊലീസിൽ കീഴടങ്ങി. മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പി മുമ്പാകെയാണ് ജോർജ് കീഴടങ്ങിയത്. മാതാപിതാക്കളോടൊപ്പം വീട്ടിൽ ജോലിക്ക് വന്ന പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ജോർജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇതുസംബന്ധിച്ച് ജോർജിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. പെൺകുട്ടി ഇയാൾക്കെതിരെ ബത്തേരി പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടി അവധി ദിവസങ്ങളിൽ രക്ഷിതാക്കളോടൊത്ത് ജോർജിന്റെ വീട്ടിൽ കൂലിപ്പണിക്ക് എത്താറുണ്ടായിരുന്നു.
മാതാപിതാക്കളില്ലാത്ത സമയത്താണ് ഉപദ്രവിച്ചതെന്ന് കുട്ടി പൊലീസിൽ മൊഴി നൽകി. പതിനേഴ് വയസുളള കുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഒന്നരവർഷം തുടർച്ചയായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. അച്ഛൻ കാര്യമറിഞ്ഞതോടെ പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കൃഷിയിടത്തിലും ആളില്ലാത്ത സമയത്ത് ജോർജിന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും ഇയാൾ പീഡിപ്പിച്ചതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഏതാനും ദിവസം മുമ്പ് ചില യു.ഡി.എഫ് നേതാക്കളുടെ മദ്ധ്യസ്ഥതയിൽ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെ ചിലർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. എസ്.എം.എസ് ഡിവൈ.എസ്.പി കുബേരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പോക്‌സോ കൂടാതെ മാനഭംഗത്തിനും, എസ്.സി.എസ്.ടി നിയമ പ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പീഡനാരോപണത്തെ തുടർന്ന് ഒ.എം. ജോർജിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിരുന്നു. ജോർജ് നിലവിൽ അർബൻ ബാങ്ക് വൈസ് പ്രസിഡന്റാണ്.