cockroach-in-air-india-fo

ന്യൂഡൽഹി: ഭോപ്പാലിൽ നിന്നും മുംബയിലേക്ക് എയർ ഇന്ത്യാ വിമാനത്തിലെ ഒരു യാത്രക്കാരൻ തനിക്ക് വിളമ്പിയ ഭക്ഷണം കണ്ട് ശരിക്കും ഞെട്ടി. ഇഡലിക്കും വടയ്‌ക്കുമൊപ്പം വിളമ്പിയത് നല്ല അസലൊരു പാറ്റയായിരുന്നു. സംഗതി വിവാദമായതോടെ മാപ്പുപറഞ്ഞ് രംഗത്തെത്തിയ എയർ ഇന്ത്യാ അധികൃതർ ഇത്തരം നടപടികൾ ഇനി ആവർത്തിക്കില്ലെന്നും വ്യക്തമാക്കി.

ഭോപ്പാൽ മുംബയ് വിമാനത്തിലെ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തിൽ ചില പോരായ്‌മകളുണ്ടായതിൽ നിർവ്യാജം ഖേദിക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ഓരോ യാത്രക്കാർക്കും പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താൻ തങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ടെന്നും എയർ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു. ഇക്കാര്യം ഗുരുതരമായി എടുത്ത മാനേജ്മെന്റ് ബന്ധപ്പെട്ട കാറ്ററിംഗ് വകുപ്പിന് വിശദീകരണ നോട്ടീസ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ല. ശക്തമായ നടപടി തന്നെ ബന്ധപ്പെട്ടവർക്കെതിരെ സ്വീകരിക്കും. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരനുമായി ഉന്നത ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിട്ടുണ്ടെന്നും എയർ ഇന്ത്യാ വക്താവ് അറിയിച്ചു.

രണ്ട് ദിവസം മുമ്പാണ് തനിക്ക് കിട്ടിയ ഭക്ഷണത്തിൽ പാറ്റ കിടന്നിരുന്നതായി രോഹിത് രാജ് സിംഗ് ചൗഹാൻ എന്നയാളാണ് പരാതിപ്പെട്ടത്. പാറ്റ കിടക്കുന്ന ഭക്ഷണത്തിന്റെ ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. ഇത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയതോടെയാണ് നടപടിയുമായി എയർ ഇന്ത്യ രംഗത്തെത്തിയത്.