ജയറാം എന്ന നടൻ മലയാള സിനിമയുടെ ഭാഗമായിട്ട് മുപ്പത് വർഷങ്ങൾ പിന്നിടുന്നു. സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം തന്റെ സ്വതസിദ്ധമായ അഭിനയത്തിലൂടെ ജയറാമും പ്രേക്ഷകരുടെ ഇഷ്‌ടതാരമായി. ഇപ്പോഴിതാ അച്ഛനു പിന്നാലെ മകൻ കാളിദാസും നായകനിരയിലെത്തിക്കഴിഞ്ഞു. എന്നാൽ തന്റെയല്ല സമയം കിട്ടുമ്പോഴെല്ലാം മകൻ കാണുന്നത് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പഴയ സിനിമകളാണെന്ന് ജയറാം പറയുന്നു. അത് കണ്ട് പഠിച്ചാൽ തന്നെ വലിയ നേട്ടമാണെന്നാണ് കാളിദാസ് പറയുന്നതെന്ന് താരം വ്യക്തമാക്കി. ഒരു പ്രമുഖ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയറാം മനസു തുറന്നത്.
'ഞാൻ അഭിനയിച്ച 90 ശതമാനത്തോളം സിനിമകളും എന്റെ മക്കൾ കണ്ടിട്ടുണ്ട്. അത്തരം സിനിമകളെ ഇഷ്‌ടപ്പെടുന്നവരാണ് കണ്ണനൊക്കെ. കാലഘട്ടം മാറി ന്യൂജെൻ സിനിമകളൊക്കെ വന്നെങ്കിൽപ്പോലും ഇപ്പോഴും പഴയ സിനിമകൾ, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പഴയ സിനിമകൾ വരുമ്പോൾ അതാണ് അവൻ ഇപ്പോഴും ഇരുന്ന് കാണുന്നത്. അപ്പാ മോഹൻലാൽ, മമ്മൂട്ടി അവരുടെയൊക്കെ പഴയ കുറെ സിനിമകൾ എടുത്തു വച്ചാൽ അത് കണ്ട് പഠിച്ചാൽ തന്നെ വലിയ നേട്ടമാണെന്ന് അവൻ പറയാറുണ്ട്'- ജയറാമിന്റെ വാക്കുകൾ.
ലിയോ തദേവൂസ് സംവിധാനം ചെയ്‌ത ലോനപ്പന്റെ മാമോദീസയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ജയറാം ചിത്രം. അന്ന രാജൻ നായികയായ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.