സൂപ്പർ താരം മമ്മൂട്ടിക്ക് വാഹനങ്ങളോടുള്ള കമ്പം എല്ലാവർക്കും അറിയാവുന്നതാണ്. മകനും യുവതാരവുമായ ദുൽഖർ സൽമാനും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല. എന്നാൽ ഇവരിൽ ആരാണ് ഏറ്റവും വലിയ വണ്ടി ഭ്രാന്തനെന്നാണ് ഇപ്പോൾ ആരാധകർക്കിടയിലെ ഏറ്റവും വലിയ തർക്കം. പുത്തൻ കാറുകളോട് മാത്രമല്ല വിന്റേജ് ഇനത്തിൽ പെട്ട വാഹനങ്ങളോടും താത്പര്യമുള്ളതിനാൽ മമ്മൂട്ടിയേക്കാൾ മകൻ തന്നെ ഇക്കാര്യത്തിൽ മുന്നിലെന്നാണ് ഇപ്പോഴത്തെ സംസാര വിഷയം.
വിന്റേജ് മോഡൽ ബി.എം.ഡബ്ല്യൂ കൺവെർട്ടബിൾ വാഹനം ഓടിച്ച് പോകുന്ന ദുൽഖർ സൽമാന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരക്കേറിയ റോഡിൽ കൂടി പോകുന്ന കാറിന് പിന്നാലെ ചെന്ന് രണ്ട് യുവാക്കൾ ഇക്കാ നിങ്ങളെങ്ങോട്ടാ എന്ന് ചോദിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടുകഴിഞ്ഞു. എന്നാൽ ഈ കാർ ആരുടേതാണെന്നും ഏത് മോഡലാണെന്നുമാണ് ആരാധകരുടെ ചോദ്യം. ഇ30 എന്ന പേരിൽ 1982 മുതൽ 1994 വരെ കമ്പനി പുറത്തിറക്കിയ 3 സീരിസാണ് താരം ഓടിക്കുന്നത്. കൂപ്പെ, കൺവെർട്ടബിൾ. സെഡാൻ, ടൂറിംഗ് എന്നീ വകഭേദങ്ങളിൽ വാഹനം വിപണിയിലെത്തിയിരുന്നു.കാബ്രിയോ എന്ന പേരിലും ഈ വാഹനം അറിയപ്പെട്ടിരുന്നു. എന്നാൽ വാഹനം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല.
മമ്മൂട്ടി സാമ്രാജ്യം എന്ന സിനിമയിൽ ഉപയോഗിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് ഡബ്ല്യൂ 123 എന്ന വാഹനം റീസ്‌റ്റോർ ചെയ്‌ത കഥ നേരത്തെ ദുൽഖർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പുറമെ വിന്റേജ് മോഡൽ മിനി കൂപ്പർ, വോൾവോ തുടങ്ങിയ വാഹനങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി ആഡംബര വാഹനങ്ങളും ബൈക്കുകളും താരം സ്വന്തം ഗ്യാരേജിൽ എത്തിച്ചിട്ടുണ്ട്.