padmakumar

തിരുവനന്തപുരം: സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിൽ യുവതികൾ പ്രവേശനം നടത്തിയതിൽ ദേവസ്വം ബോർഡ് ഇതുവരെ ഒരു കണക്കും പറഞ്ഞിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം സ്ഥിരീകരണമില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ശബരിമലയിൽ ആചാരലംഘനം നടന്നതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ വിഷയത്തിൽ തന്ത്രി കണ്ഠരര് രാജീവരര് വിശദീകരണം നൽകിയിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മകുമാർ. ദേവസ്വം ബോർഡിന്റെ അനുമതിയോടുകൂടിയെ ശുദ്ധിക്രിയ നടത്താവൂ എന്ന് ബോർഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ബോർഡിന്റെ അനുമതിയോടെയല്ല ശുദ്ധിക്രിയ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് തന്ത്രിയുടെ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. അതേസമയം, ശബരിമല താന്ത്രിക വിധി പ്രകാരമാണ് ശുദ്ധിക്രിയകൾ നടത്തിയതെന്ന് തന്ത്രി വിശദീകരണ കുറുപ്പിൽ സൂചിപ്പിച്ചിരുന്നു. ബിന്ദു, കനക ദുർഗ്ഗ എന്നിവർ ശബരിമലയിൽ എത്തി ആചാരലംഘനം നടത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് തന്ത്രി കണ്ഠരര് രാജീവരര് നടയടച്ച് ശുദ്ധിക്രിയ നടത്തിയത്.

വയനാട് ബലാൽസംഗക്കേസ്: കോൺഗ്രസ് നേതാവ് പൊലീസിൽ കീഴടങ്ങി