-bindu-and-kanakadurga-ap

ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി പുനപരിശോധിക്കണമെന്ന ആവശ്യം പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നിവരും രേഷ്‌മ, ഷനില എന്നീ യുവതികളും ചേർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ മാസം ശബരിമല നട തുറക്കുമ്പോൾ തങ്ങൾക്ക് ദർശനം നടത്താൻ അവസരം നൽകണമെന്നും യുവതികൾ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം നാളെ റിവ്യൂ ഹർജി പരിഗണിക്കുമ്പോൾ കോടതി പരിശോധിക്കുമെന്നാണ് വിവരം.

അതേസമയം, ശബരിമലയിൽ നട അടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയും നാളെ റിവ്യൂ ഹർജികൾക്കൊപ്പം പരിഗണിക്കുമെന്നാണ് സൂചന. തന്ത്രിക്കെതിരായ ഹര്‍ജിയെക്കുറിച്ച് അഭിഭാഷകന്‍ ഇന്ന് സൂചിപ്പിച്ചപ്പോള്‍ റിവ്യൂ ഹര്‍ജികള്‍ കേള്‍ക്കുമ്പോള്‍ കോടതിയിൽ ഹാജരായിരിക്കണം എന്ന മറുപടിയാണ് ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയ് നല്‍കിയത്. 54 വിഷയങ്ങളാണു കേസിൽ പരിഗണിക്കുന്നതെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

എന്നാൽ ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി ലംഘിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി. യുവതീ പ്രവേശനത്തേ തുടർന്ന് നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണം ആരാഞ്ഞ് ദേവസ്വം ബോർഡ് നൽകിയ നോട്ടീസിന് തന്ത്രി ഇന്നലെ നൽകിയ മറുപടിയാലാണ് ഇത് പറഞ്ഞത്.
ദേവസ്വം കമ്മിഷണറുടെ നോട്ടീസിലെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. മകരവിളക്കിനു നട തുറക്കുമ്പോൾ ശബരിമലയിൽ ശുദ്ധിക്രിയ നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നു. അക്കര്യം ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. ശബരിമലയിലെ ആചാരപരമായി ശരിയായ നടപടിയാണ് താൻ നിർവഹിച്ചിട്ടുള്ളത്. ശുദ്ധിക്രിയ സ്വാഭാവിക നടപടിയാണ്.


യുവതീ പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചശേഷം തന്ത്രി എക്‌സിക്യൂട്ടീവ് ഓഫീസറെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിച്ച് ആചാരപരമായ കാര്യങ്ങൾ നടത്തണമെന്നറിയിച്ചു. പുണ്യാഹവും ബിംബശുദ്ധിയും നടത്താൻ പോകുകയാണെന്നും 45 മിനിട്ട് ഇതു നീണ്ടുനിൽക്കുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യം തന്ത്രി തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഫോണിലും വിളിച്ച് അറിയിച്ചിരുന്നതായി പറയുന്നു.