തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം നിന്നതിന് തങ്ങളെ വിമർശിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് അവകാശമില്ലെന്നും തങ്ങൾക്ക് നേരെ വാളോങ്ങേണ്ടെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസിനെ രാഷ്ട്രീയം പഠിപ്പിക്കാൻ കോടിയേരിക്ക് അവകാശമില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ എൻ.എസ്.എസ് ഇടപെട്ടിട്ടില്ല. സംസ്ഥാന സർക്കാരിനോട് സൗഹൃദ നിലപാട് മാത്രമേ എൻ.എസ്.എസ് സ്വീകരിച്ചിട്ടുള്ളൂവെന്നും എൻ.എസ്.എസ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ആരുമായും തങ്ങൾ നിഴൽ യുദ്ധത്തിനില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും നിലനിൽക്കണം എന്ന വ്യക്തമായ നിലപാട് എൻ.എസ്.എസിനുണ്ട്. അതിനാൽ, ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ വന്ന കേസിൽ ആരംഭത്തിൽതന്നെ കക്ഷിചേർന്ന്, വിശ്വാസം സംരക്ഷിക്കാൻ എൻഎസ്എസ് നിലകൊള്ളുകയാണ്. അതുകൊണ്ടുതന്നെ, യുവതീപ്രവേശം സംബന്ധിച്ച വിധി വന്നപ്പോൾ എൻ.എസ്.എസ് റിവ്യൂഹർജി ഫയൽ ചെയ്തു.
വിധി നടപ്പാക്കുന്ന കാര്യത്തിൽ കോടതിയോട് സാവകാശം ചോദിക്കാതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയും പെട്ടെന്നുതന്നെ വിധി നടപ്പാക്കാനാണ് സംസ്ഥാനസർക്കാർ നടപടി സ്വീകരിച്ചത്. ഈ നടപടികളിലേക്ക് സർക്കാർ നീങ്ങിയ അവസരത്തിൽതന്നെ, സർക്കാരിനെ നയിക്കുന്ന പ്രധാന പാർട്ടിയുടെ നേതാവെന്ന നിലയിൽ കോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ചിരുന്നു.
സർക്കാർ ഇക്കാര്യത്തിൽ തിടുക്കം കാണിക്കരുത്, കോടതിയിൽ ഒരു സാവകാശഹർജി ഫയൽ ചെയ്ത് റിവ്യൂഹർജിയുടെ തീരുമാനം വരുന്നതുവരെ നടപടികൾ നിർത്തിവയ്ക്കുകയാണ് വേണ്ടതെന്നു പറഞ്ഞു. അതല്ല, ഇതേ രീതിയിൽ മുന്നോട്ടുപോകാനാണ് തീരുമാനിക്കുന്നതെങ്കിൽ, നിങ്ങളുമായി സൗഹൃദത്തിൽപോകുന്ന എൻ.എസ്.എസിന് വിശ്വാസികളോടൊപ്പം നിൽക്കേണ്ടിവരുമെന്നും അന്നേ വ്യക്തമാക്കിയതാണെന്നും സുകുമാരൻ നായർ പറഞ്ഞു.
എന്നാൽ സർക്കാർഭാഗത്തുനിന്നും അനുകൂലമായ നടപടി ഒന്നും ഉണ്ടാകാതെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതു കണ്ട്, ഒരു സാമൂഹികസംഘടനയുടെ ഉത്തരവാദിത്വപ്പെട്ട ആളെന്ന നിലയിൽ, വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ കോടിയേരിയെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. നിരീശ്വരവാദികളായിട്ടുള്ള ആക്ടിവിസ്റ്റുകളെ വമ്പിച്ച പൊലീസ് സന്നാഹത്തോടെ സന്നിധാനത്തേക്ക് കയറ്റിക്കൊണ്ടുപോയപ്പോൾ, വിശ്വാസികളുടെ മനോവേദന മനസ്സിലാക്കി "ഇതൊന്നു നിർത്തിവയ്ക്കുന്നപക്ഷം ഞാൻ ആരുടെ കാലുവേണമെങ്കിലും പിടിക്കാം" എന്നുവരെ അറിയിച്ചു.
അതുകഴിഞ്ഞ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുമായും ഫോണിൽ ബന്ധപ്പെട്ടു. അതിനെയും അവഗണിച്ചുകൊണ്ട് അവരുടെ തീരുമാനവുമായി മുന്നോട്ടുപോയ സാഹചര്യത്തിലാണ് ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ വിശ്വാസിസമൂഹത്തോടൊപ്പം ഉറച്ചുനില്ക്കാൻ എൻ.എസ്.എസിനു തീരുമാനമെടുക്കേണ്ടിവന്നത്. അതിൽ എൻ.എസ്.എസ് രാഷ്ട്രീയം കണ്ടില്ല.
ഇക്കാരണം കൊണ്ട് എൻ.എസ്.എസിനെതിരെ വാളോങ്ങാനോ എൻ.എസ്.എസിന്റെ ഇക്കാര്യത്തിലുള്ള നിലപാടിനെ വിമർശിക്കാനോ എൻഎസ്എസ്സിനെ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണനോ അനുയായികൾക്കോ ധാർമ്മികമായ അവകാശം ഇല്ലെന്നുള്ള കാര്യം മനസ്സിലാക്കുന്നത് നല്ലതാണെന്നും സുകുമാരൻ നായർ ഓർമിപ്പിച്ചു