വാട്സാപ്പിൽ കുറുക്ക് വഴികൾക്ക് ഒരു പഞ്ഞവുമില്ല എന്നറിയാമല്ലോ? അയച്ച ആളറിയാതെ മെസേജ് വായിക്കുക, ടൈപ്പ് ചെയ്യാതെ മെസേജ് അയക്കുക അങ്ങനെ നിരവധി കാര്യങ്ങളാണ് വാട്സാപ്പിൽ നമുക്ക് ചെയ്യാൻ കഴിയുന്നത്. വാട്സാപ്പിന്റെ ഏറ്റവും മികച്ചതും എല്ലാവരും ഉപയോഗിക്കുന്നതുമായ ഒരു ഫീച്ചറാണ് വാട്സാപ്പ് സ്റ്റാറ്റസ്.
നിങ്ങൾക്കിഷ്ടപ്പെട്ട ഫോട്ടോകൾ, വീഡിയോകൾ, മെസ്സേജുകൾ എന്നിവ 24 മണിക്കൂർ സമയത്തേക്ക് സ്റ്റാറ്റസായി ക്രമീകരിക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്. നിങ്ങൾ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാൽ അതാരൊക്കെ കണ്ടുവെന്ന് അറിയാനും കഴിയും. എന്നാൽ സ്റ്റാറ്റസ് വിസിബിളിറ്റി ഓപ്ഷൻ ക്രമീകരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ആരൊക്കെ കാണണ്ട എന്ന് വാട്സാപ്പ് പ്രൈവസി സെറ്റിങ്ങിലൂടെ തീരുമാനിക്കാൻ കഴിയും.
എന്നാൽ സുഹൃത്തിന്റെ സ്റ്റാറ്റസ് താൻ കണ്ടതായി അറിയാതിരിക്കാൻ ചിലരെങ്കിലും താല്‍പര്യപ്പെടാറില്ലേ...? ഉറപ്പായും ഉണ്ടാവും.. സ്റ്റാറ്റസ് ഇടുന്നവർ അറിയാതെ എങ്ങനെ അത് കാണാനും വായിക്കാനും സാധിക്കും. അതിനുള്ള സൗകര്യവും ഇപ്പോൾ വാട്സാപ്പിലുണ്ട്.
ഇതിനായി നിങ്ങളുടെ റീഡ് റെസീപ്റ്റ്സ് ഓപ്ഷൻ ഡിസേബിൾ ചെയ്ത ശേഷം സ്റ്റാറ്റസ് നോക്കണമെന്നു മാത്രം. ഒരുതവണ ഈ ഓപ്ഷൻ ഓഫാക്കിയാൽ നിങ്ങൾ അയാളുടെ സ്റ്റാറ്റസ് കണ്ടകാര്യം അറിയാൻ സാധിക്കുകയില്ല. എന്നാൽ ഒരു പോരായ്മയെന്നത് റീഡ് റെസീപ്റ്റ്സ് ഓപ്ഷൻ ഓഫാക്കിയാൽ നിങ്ങളുടെ സ്റ്റാറ്റസ് കണ്ടവരുടെ പേരുവിവരങ്ങളും അറിയാൻ കഴിയില്ല!!
വാട്‌സാപ്പ് തങ്ങളുടെ പ്രൈവസി ഫീച്ചർ വർദ്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ റീഡ് റെസീപ്റ്റ്‌സ് ഓഫാക്കിയ ശേഷം മറ്റൊരാളുടെ സ്റ്റാറ്റസ് നോക്കിയാൽ, എപ്പോഴാണോ നിങ്ങൾ വീണ്ടും റീഡ് റെസീപ്റ്റ‌് ഓണാക്കുന്നത് അതേസമയം അവർക്ക് വാട്‌സാപ്പ് നോട്ടിഫിക്കേഷൻ നൽകും. അവർ ഇത് അറിയണ്ടെങ്കിൽ 24 മണിക്കൂർ എന്ന അവരുടെ സ്റ്റാറ്റസ് സമയം വരെ റീഡ് റെസീപ്റ്റ‌്സ് ഓണാക്കാതിരിക്കുക എന്നതാണ് ഒരേയൊരു പോംവഴി. അപ്പോൾ ഒരു കാര്യം കൂട്ടുകാരുടെ സ്റ്റാറ്റസ് അവരറിയാതെ കാണണം എന്ന് ആഗ്രഹിക്കുന്നവർ ജാഗരൂകരായിരിക്കണമെന്ന് ചുരുക്കം.