തിരുവനന്തപുരം: ബി.ജെ.പി അടുത്ത കാലത്തൊന്നും കേരളത്തിൽ ഭരണത്തിലെത്തില്ലെന്ന് ഒ രാജഗോപാൽ എം.എൽ.എ വ്യക്തമാക്കി. നിയമസഭയിൽ ധനവിനിയോഗ ബിൽ ചർച്ചയ്‌ക്കിടെയായിരുന്നു എം.എൽ.എയുടെ പരാമർശം. 'ബി ജെ പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും കേരളത്തിൽ ഇത്രയും തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെ'യെന്ന് ഒ.രാജഗോപാൽ ചോദിച്ചു. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ ഇന്നലത്തെ ഉത്തരവോടെ സുപ്രിം കോടതിയിൽ നൽകിയ പട്ടിക കളവെന്ന് തെളിഞ്ഞുവെന്നും ഒ രാജഗോപാൽ പറഞ്ഞു. അവിശ്വാസികളായ രണ്ട് പേരെ പൊലീസ് സംരക്ഷണയിൽ കൊണ്ടുവന്നതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം മകരജ്യോതി തെളിയിക്കുന്ന വിഷയം ഒ രാജഗോപാൽ സഭയിൽ ഉന്നയിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ശശി തരൂർ എം.പി ആരോപിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിനിടെയാണ് ശബരിമലയിൽ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയർക്ക് തിരിച്ചു കൊടുക്കണമെന്ന ആവശ്യവുമായാണ് ഒ രാജഗോപാൽ എത്തിയത്.
നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. മികരവിളക്ക് ചിലർ കൊളുത്തുന്നുവെന്നത് സത്യമെന്നും പരമ്പരാഗതമായി ആദിവാസികൾ ചെയ്‌തുവന്ന ഈ ചടങ്ങ് പിന്നീട് സർക്കാരും ദേവസ്വം ബോർഡും ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്കിനൊപ്പം തേൻ അഭിഷേകം നടത്താനും അനുവദിക്കണമെന്ന മലയരയരുടെ ആവശ്യത്തോട് പക്ഷേ രാജഗോപാലിന് വ്യത്യസ്‌ത നിലപാടാണുളളത്.