ഇടവിട്ട മൂത്രരോഗാണുബാധ എല്ലാ പ്രായത്തിലുള്ള സത്രീകളെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ്. മുതിർന്ന സ്ത്രീകളിൽ 50 ശതമാനത്തിലധികം പേർക്ക് മൂത്രരോഗാണുബാധ ഉണ്ടാകുന്നതായി കാണാം. മൂത്രം ഒഴിക്കുമ്പോൾ വേദന, കൂടുതൽ തവണ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, നടുവേദന, വിറയലോടുകൂടിയ പനി, മൂത്രത്തിന്റെ കൾചറിൽ 100000ൽ കൂടുതൽ ബാക്ടീരിയ കാണുക മുതലായ സാഹചര്യങ്ങളിൽ അണുബാധ ഉണ്ടെന്ന് സ്ഥിരീകരിക്കാം.
വൃക്കയിലുണ്ടാകുന്ന രോഗാണുബാധയ്ക്ക് പൈലോനെഫ്രൈറ്റിസ് എന്നും മൂത്രസഞ്ചിയിലെ രോഗാണുബാധയ്ക്ക് സിസ്റ്റൈറ്റിസ് എന്നും പ്രോസ്റ്റേറ്റിലെ രോഗാണുബാധയ്ക്ക് പ്രോസ്റ്റാറ്റൈറ്റിസ് എന്നും പറയുന്നു.
സാധാരണയായി 85 ശതമാനം മൂത്രരോഗാണുബാധയും ഇ കോളി ബാക്ടീരിയ മൂലമുള്ളതാണ്. പ്രോട്ടിയസ്, ക്ളെബ്സിയെല്ല മുതലായവയും രോഗം ഉണ്ടാക്കുന്നു.
സ്ത്രീകളിൽ മൂത്രനാളം ചെറുതായത് രോഗാണുബാധ പെട്ടെന്ന് ഉണ്ടാകുന്നു.പ്രമേഹം, ആർത്തവവിരാമം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മുതലായ ഘടകങ്ങൾ മൂത്രരോഗാണുബാധയ്ക്ക് സാദ്ധ്യത കൂട്ടുന്നു.
ഒരു തവണമാത്രമാണ് അണുബാധ ഉണ്ടാവുന്നതെങ്കിൽ കൂടുതൽ പരിശോധനകൾ ആവശ്യമില്ല. മൂത്രത്തിന്റെ മൈക്രോസ്കോപ്പി പരിശോധനയും കൾചറും മതിയാകും. ചികിത്സയ്ക്കുശേഷവും മൂത്രരോഗാണുബാധയുടെ രോഗലക്ഷണങ്ങൾ നിൽക്കുകയാണെങ്കിൽ മൈക്രോസ്കോപ്പി പരിശോധനയും കൾചറും വീണ്ടും ചെയ്യേണ്ടിവരും. ആന്റിബാക്ടീരിയൽ മരുന്നുകൾ 7-10 ദിവസം വരെ കൊടുക്കേണ്ടിവരും.
ഇടവിട്ട മൂത്രരോഗാണുബാധയ്ക്ക് വളരെ ചെറിയ അളവിലുള്ള ആന്റിബാക്ടീരിയൽ മരുന്നുകൾ ദീർഘനാളത്തേക്ക് രോഗികൾ രോഗിക്ക് കൊടുക്കാറുണ്ട്. ലൈംഗിക ബന്ധത്തിനു മുമ്പും അതിനുശേഷവും മൂത്രമൊഴിച്ചു കളയുക, ലൈംഗിക പങ്കാളി ലൂബ്രിക്കേഷൻ ജല്ലികൾ ഉപയോഗിക്കുക മുതലായ കാര്യങ്ങൾ ഇടവിട്ടുള്ള മൂത്രരോഗാണുബാധ തടയുന്നതിന് സഹായകരമാണ്.