bajaj-dominor

ദീർഘദൂര യാത്രയ്‌ക്ക് റോയൽ എൻഫീൽഡിന്റെ ബുള്ളറ്റിനെ മാത്രം ആശ്രയിച്ചിരുന്ന കാലമൊക്കെ പഴങ്കഥ. ബുള്ളറ്റിനേക്കാൾ യാത്രാ സുഖവും സൗകര്യവുമുള്ള കിടിലൻ ബൈക്കുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ബജാജ് പുറത്തിറക്കിയ ഡോമിനർ എന്ന മോഡൽ ഇതിന് ഉത്തമ ഉദാഹരണമായിരുന്നു. ഇപ്പോഴിതാ ഒരു ഇന്ത്യൻ ബൈക്കിനും ഇതുവരെ നേടാൻ കഴിയാത്ത ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡോമിനർ. മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ ആദ്യമെത്തുന്ന ഇന്ത്യൻ ബൈക്കെന്ന ബഹുമതിയാണ് ഡോമിനർ സ്വന്തമാക്കിയത്.

99 ദിവസം കൊണ്ട് മൂന്ന് ഭൂഖണ്ഡങ്ങളിലൂടെ അരലക്ഷത്തോളം കിലോമീറ്ററുകൾ പിന്നിട്ടാണ് മൂന്ന് റൈഡർമാർ ദക്ഷിണ ധ്രുവത്തിലെത്തിയത്. ലോകത്തിലെ ഏറ്റവും ദുർഘടമെന്ന് വിളിക്കുന്ന പാതകൾ താണ്ടിയാണ് സംഘം ഇവിടെയെത്തിയത്. ലോകം ചുറ്റി സഞ്ചരിക്കാനുള്ള ഡോമിനറിന്റെ പോളാർ ഒഡീസി പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യാത്ര. പ്രതിദിനം ശരാശരി 515 കിലോമീറ്ററുകൾ സംഘം പിന്നിട്ടെങ്കിലും കാര്യമായ യന്ത്രത്തകരാറുകൾ ഒന്നും തന്നെയുണ്ടായില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു. ദീപക് കാമത്ത്, പി എസ് അവിനാഷ്, ദീപക് ഗുപ്ത എന്നിവരുൾപ്പെട്ട സംഘം ആർട്ടിക് സർക്കിളിലെ ജെയിംസ് ഡാൽറ്റൻ ഹൈവേയും കാനഡയിലെ ഡെംപ്സ്റ്റെർ ഹൈവേയും ചിലെയിലെ അറ്റകാമ മരുഭൂമിയിലെ പാൻ അമേരിക്കൻ ഭാഗവും ബൊളിവിയയിലെ ഡെത്ത് റോഡും കടന്നാണ് ചരിത്രത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയത്.

അതേസമയം, ഡോമിനർ 400ന്റെ പതിഷ്‌ക്കരിച്ച പതിപ്പ് ഉടൻ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ കാര്യമായ മാറ്റങ്ങളില്ലാതെയാകും ബൈക്ക് വിപണിയിലെത്തുകയെന്നാണ് സൂചന. ഇപ്പോഴുള്ള 373.3 സി.സി, നാല് വാൽവ്, ട്രിപ്ൾ സ്പാർക്, ഡി.ടിയഎസ്-ഐ എൻജിനാവും വാഹനത്തിന്. 35 ബി.എച്ച്.പിയോളം കരുത്തും 35 എൻ.എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറ് സ്പീഡ‌് ഗിയർ ബോക്‌സുള്ള വാഹനത്തിന്റെ വില എത്രയാണെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല.