തിരുനൽവേലി: ശ്മശാനത്തിൽ നിന്ന് പാതിവെന്ത മനുഷ്യ ശരീരം ഭക്ഷിച്ച യുവാവ് പിടിയിലായി. തമിഴ്നാട്ടിലെ തിരുനൽവേലിയിലെ വസുദേവനല്ലൂർ എന്ന ഗ്രാമത്തിലെ ശ്മശാനത്തിൽ നിന്നാണ് എസ്.മുരുകേശൻ എന്ന യുവാവ് പിടിയിലായത്.
ശനിയാഴ്ച മരണപ്പെട്ട ടി രാമനാഥപുരം സ്വദേശിനിയായ 70കാരിയുടെ മൃതദേഹം വസുദേവനല്ലൂരിലെ ശ്മശാനത്തിലെത്തിച്ചാണ് സംസ്കരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ ശ്മശാനത്തിലെത്തിയ മുരുകേശൻ മൃതദേഹത്തിന്റെ ശരീരഭാഗം അറുത്തെടുത്ത് ഭക്ഷിക്കുകയായിരുന്നു. ശ്മശാനത്തിന് സമീപത്തിലൂടെ പോയ ചിലരുടെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും ശ്മശാനം സൂക്ഷിപ്പുകാരൻ എന്തോ ജോലിയിലാണെന്നാണ് ഇവർ കരുതിയത്.
തുർന്ന് അടുത്തെത്തിയപ്പോൾ ചാരം മാറ്റിയ ശേഷം പാതിവെന്ത നിലയിലുള്ള മനുഷ്യ മാംസം കഴിക്കുന്ന മുരുഗേഷനെയാണ് കണ്ടത്. ഇയാളുടെ കയ്യിൽ മാംസം മുറിച്ചെടുക്കാനായി ഒരു അരിവാളുമുണ്ടായിരുന്നു. ശവശരീരത്തിൽ നിന്ന് മാംസം മുറിച്ചെടുത്ത് കഴിക്കുന്നത് കണ്ടപ്പോൾ ഇവർ കല്ലെറിയുകയും ബഹളം കൂട്ടി ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും മുരുകേശൻ പിന്തിരിയാൻ തയ്യറായില്ല. തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ ബോധരഹിതനായി നിലത്ത് കിടക്കുകയായിരുന്നു.
രാമനാഥപുരത്ത് ദിവസവേതനത്തിന് ജോലി ചെയ്യുന്നയാളാണ് മുരുകേശനെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മയക്കുമരുന്നിന് അടിമപ്പെട്ടതോടെ വർഷങ്ങൾക്ക് മുൻപ് ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. തുടർന്നാണ് മുരുകേശൻ അലഞ്ഞുതിരിഞ്ഞ് നടക്കാൻ തുടങ്ങിയത്.
ശ്മശാനത്തിന്റെ പുറത്ത് മനുഷ്യമാംസത്തിന്റെ അവശിഷ്ടങ്ങൾ പലപ്പോഴും കണ്ടിരുന്നു. തെരുവ് നായകാളാവും ഇതിന് പിന്നിലെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ മുരുകേശനാണെന്ന സംശയത്തിലാണ് നാട്ടുകാർ. മുരുകേശനെ അറസ്റ്റ് ചെയ്ത ശേഷം കിൽപ്പോക്കിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.