ബംഗളൂരു: ഇന്ത്യൻ ഓൺലൈൻ വിപണിയിലെ ഒന്നാംസ്ഥാനക്കാരായ ഫ്ളിപ്‌കാർട്ടിനെ ഏറ്റെടുത്ത നടപടി അമേരിക്കൻ കമ്പനിയായ വാൾമാർട്ട് പുനഃപരിശോധിച്ചേക്കും. കേന്ദ്രസർക്കാർ ഡിസംബറിൽ പുറത്തിറക്കിയ പുതിയ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) ചട്ടം ഓൺലൈൻ വ്യാപാരത്തിന് തിരിച്ചടിയാണെന്നും വാൾമാർട്ട് ഇന്ത്യയിൽ നിന്ന് പിൻവാങ്ങാൻ സാദ്ധ്യതയുണ്ടെന്നും പ്രമുഖ അമേരിക്കൻ ധനകാര്യ സ്ഥാപനമായ മോർഗൻ സ്‌റ്റാൻലിയാണ് സൂചിപ്പിച്ചത്.
അതേസമയം, വാൾമാർട്ടോ ഫ്ലിപ്‌കാർട്ടോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 2017ൽ ആമസോൺ ചൈനയിൽ നേരിട്ടതിന് സമാനമായ പ്രതിസന്ധിയാണ് വാൾമാർട്ടിന് ഇന്ത്യയിലുള്ളത്. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ സ്‌മാർട്‌ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങളുടെയും മറ്റും 'എക്‌സ്‌ക്ളുസീവ്" വില്‌പന നടത്തരുതെന്നും ഉത്‌പന്നങ്ങളുടെ വില നിർണയത്തിൽ ഇടപെടരുതെന്നുമാണ് കേന്ദ്രസർക്കാരിന്റെ ചട്ടം അനുശാസിക്കുന്നത്. തുടർന്ന്, കൈവശമുള്ള 25 ശതമാനത്തോളം ഉത്‌പന്നങ്ങളുടെ കച്ചവടം ഫ്ളിപ്‌കാർട്ടിന് ഉപേക്ഷിക്കേണ്ടി വന്നു.
മൊത്തം വരുമാനത്തിന്റെ 50 ശതമാനം സംഭാവന ചെയ്യുന്ന ഉത്‌പന്നങ്ങളുടെ കച്ചവടം നിറുത്താനാണ് ഫ്ളിപ്‌കാർട്ട് നിർബന്ധിതരായത്. പുതിയ ചട്ടം പിൻവലിക്കാനോ പുനഃപരിശോധിക്കാനോ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ ഇന്ത്യയിൽ സമീപഭാവിയിലൊന്നും ലാഭകരമായി പ്രവർത്തിക്കാൻ കമ്പനിക്കാവില്ലെന്ന വിലയിരുത്തൽ വാൾമാർട്ടിനുണ്ട്. ഫ്ളിപ്‌കാർട്ടിന്റെ മുഖ്യ എതിരാളിയായ ആമസോണും ഒട്ടേറെ ഉത്‌പന്നങ്ങൾ പിൻവലിച്ചിട്ടുണ്ട്. പുതിയ ചട്ടം പുറത്തുവന്ന ശേഷം മാത്രം ആമസോണും വാൾമാർട്ടും സംയുക്തമായി മൊത്തം വിപണിമൂല്യത്തിൽ 5,000 കോടി ഡോളറിന്റെ നഷ്‌ടം നേരിട്ടിരുന്നു. ഇതിൽ, ആമസോണിന്റെ മാത്രം നഷ്‌ടമാണ് 4,500 കോടി ഡോളർ.
പുതിയ നിയമം
ഓൺലൈൻ വിപണിയിൽ 'എക്‌സ്‌ക്ളുസീവ്" വില്‌പന പാടില്ല
ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഉത്‌പന്നങ്ങളുടെ വിലയിൽ ഇടപെടരുത്
തിരിച്ചടി
പുതിയ ചട്ടത്തെ തുടർന്ന് ഫ്ളിപ്‌കാർട്ടിനും ആമസോണിനും ഒട്ടേറെ ഉത്‌പന്നങ്ങൾ പിൻവലിക്കേണ്ടി വന്നു
മൊത്തം വരുമാനത്തിന്റെ 50 ശതമാനവും ലഭിക്കുന്ന ഉത്‌പന്നങ്ങളാണ് ഫ്ലിപ്‌കാർട്ട് പിൻവലിച്ചത്
$1,600 കോടി
കഴിഞ്ഞ മേയിലാണ് ഫ്ളിപ്‌കാർട്ടിന്റെ 77 ശതമാനം ഓഹരികൾ 1,600 കോടി ഡോളറിന് (ഏകദേശം 1.07 ലക്ഷം കോടി രൂപ) അമേരിക്കൻ റീട്ടെയിൽ കമ്പനിയും ഈ രംഗത്തെ ആഗോള ഭീമനുമായ വാൾമാർട്ട് ഏറ്റെടുത്തത്.
അങ്കം ആമസോണിനോട്
സ്വന്തം നാട്ടുകമ്പനി തന്നെയായ ആമസോണുമായി മത്സരിക്കാനുറച്ചാണ് ഫ്ലിപ്‌കാർട്ടിനെ ഏറ്രെടുത്തുകൊണ്ട് വാൾമാർട്ട് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ 500 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച ആമസോൺ കൂടുതൽ നിക്ഷേപം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
$65,000 കോടി
2016ലെ കണക്കുപ്രകാരം 65,000 കോടി ഡോളറാണ് ഇന്ത്യൻ റീട്ടെയിൽ വിപണിയുടെ മൂല്യം. 2027ൽ ഇത് 1.8 ലക്ഷം കോടി ഡോളറിലെത്തുമെന്നാണ് വിലയിരുത്തൽ.