vaikom-viswan-against-tha
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്ന അഴീക്കോടൻ സ്മാരക സ്പർശം സാന്ത്വന സഹായം പദ്ധതി കെ.എസ്‌.ആർ.ടി.എ സംസ്ഥാന പ്രസിഡൻറ് വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്യുന്നു

കോട്ടയം: ടോമിൻ തച്ചങ്കരി ആറ് മാസം കൂടി എം.ഡി സ്ഥാനത്തു തുടർന്നിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സി സ്വകാര്യവത്കരിച്ചേനെയെന്ന് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.കോർപ്പറേഷനെ പ്രതിസന്ധിയിൽ നിന്ന് രക്ഷപെടുത്തുക എന്ന ഇടതു സർക്കാർ നയം അട്ടിമറിക്കാനുള്ള ശ്രമമാണ് അണിയറയിൽ നടന്നത്. ആ ശ്രമം പരാജയപ്പെട്ടതിലുള്ള ജാള്യതയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കോട്ടയം പാലാ കേന്ദ്രീകരിച്ചുള്ള ഒരു സംഘടനക്കാർ തച്ചങ്കരിയെ സ്വാധീനിച്ചിരുന്നു . അവർ പറയുന്നത് മാത്രമായിരുന്നു നടപ്പാക്കിയിരുന്നത്. 25 വർഷത്തിനിടയിൽ ആദ്യമായാണ് കോർപ്പറേഷനിൽ നിന്ന് ശമ്പളം കൊടുത്തതെന്നത് വ്യാജ പ്രചാരണം. യാത്രാ നിരക്ക് വർദ്ധിപ്പിച്ചതും ശബരിമല വരുമാനവും ചേർത്താണ് കളക്ഷൻ കൂടിയത് അല്ലാതെ തച്ചങ്കരിയുടെ കഴിവ് കൊണ്ടല്ല. കോർപ്പറേഷൻ നില നിന്നു പോവാൻ ഏറെ വിട്ടുവീഴ്ചകൾ യൂണിയനുകൾ ചെയ്തിരുന്നു എന്നിട്ടും കോർപ്പറേഷൻ ഇല്ലാതാക്കാൻ യൂണിയനുകൾ ശ്രമിക്കുകയാണെന്ന വ്യാജപ്രചാരണം തച്ചങ്കരി നടത്തുകയായിരുന്നുവെന്നും വൈക്കം വിശ്വൻ ആരോപിച്ചു .

ജനകീയ ട്രാൻസ്‌പോർട്ട് -ജനപക്ഷ വികസനം എന്ന മുദ്രാവാക്യം ഉയർത്തി എംപ്ലോയീസ് അസോസിയേഷൻ 20ന് ബസ് ഡേ ആചരിക്കും. തൊഴിലാളികളെ പ്രതിസ്ഥാനത്തു നിറുത്തി പ്രതിസന്ധിയുടെ ഉത്തരവാദിത്വം അവരുടെ തലയിൽ കെട്ടിവെക്കുന്ന സമീപനം മാറണം. അവരെക്കൂടി വിശ്വത്തിലെടുത്ത് പ്രതിസന്ധി മറികടക്കാനാവശ്യമായ കൂട്ടായ ശ്രമമാണ് വേണ്ടത്. ഇതിനായി പുതിയ എം.ഡിക്ക് എല്ലാ സഹായവും അസോസിയേഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.