1. ഭൂമി കയ്യേറ്റ കേസില്‍ ഹര്‍ജി പിന്‍വലിച്ച തോമസ് ചാണ്ടിക്ക് തിരിച്ചടി. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് തോമസ്ചാണ്ടി അടക്കം ഉള്ളവര്‍ക്ക് 25,000 രൂപ കോടതി പിഴ ഈടാക്കി. ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പിഴ പത്ത് ദിവസത്തിനകം അടയ്ക്കണം എന്നും നിര്‍ദ്ദേശം
2. തിങ്കളാഴ്ച കേസില്‍ വിധി പറയാനിരിക്കെ ആയിരുന്നു തോമസ് ചാണ്ടിയുടെ നീക്കം. ഹര്‍ജിക്കാരുടെ നടപടി നല്ല കീഴ്വഴക്കം അല്ലെന്നും കോടതിയുടെ വിമര്‍ശനം. ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയും മറ്റുള്ളവരും നല്‍കിയ നാല് ഹര്‍ജികളാണ് കഴിഞ്ഞ ദിവസം പിന്‍വലിച്ചത്
3. ശബരിമല വിഷയത്തില്‍ ഭക്തര്‍ക്ക് ഒപ്പം നിന്നതിന് തങ്ങളെ വിമര്‍ശിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവകാശം ഇല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിക്ക് അവകാശം ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആഭ്യന്തര കാര്യങ്ങളില്‍ എന്‍.എസ്.എസ് ഇടപെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാരിനോട് സൗഹൃദ നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും ആരുമായും നിഴല്‍ യുദ്ധത്തിന് ഇല്ല എന്നും സുകുമാരന്‍ നായര്‍
4. ഈശ്വര വിശ്വാസവും ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളും നിലനില്‍ക്കണം എന്ന വ്യക്തമായ നിലപാട് എന്‍.എസ്.എസിന് ഉണ്ട്. അതിനാല്‍ ആണ് ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ വന്ന കേസില്‍ ആദ്യമേ കക്ഷി ചേര്‍ന്നത്. അതുകൊണ്ടു തന്നെ യുവതീ പ്രവേശനം സംബന്ധിച്ച വിധി വന്നപ്പോള്‍ എന്‍.എസ്.എസ് റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തു. ശബരിമലയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്, കോടതിയോട് സാവകാശം ചോദിക്കാതെയും വിശ്വാസികളുടെ വികാരം മനസിലാക്കാതെയും എന്നും എന്‍.എസ്.എസ്
5. പ്രായപൂര്‍ത്തി ആവാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ ഒളിവില്‍ ആയിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം. ജോര്‍ജ് കീഴടങ്ങി. വയനാട് ഡി.സി.സി അംഗവും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ജോര്‍ജ് കീഴടങ്ങിയത്, മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പിക്ക് മുന്‍പാകെ
6. ഒന്നരവര്‍ഷമായി ജോര്‍ജ് തന്നെ ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവം പുറംലോകം അറിഞ്ഞത്, ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെ. പോക്‌സോ വകുപ്പ് പ്രകാരം ജോര്‍ജിന് എതിരെ ബത്തേരി പൊലീസ് കേസ് എടുത്തതോടെ ഇയാള്‍ ഒളിവില്‍ പോവുക ആയിരുന്നു. മാനഭംഗം, പട്ടിക വര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമം, സ്ത്രീകള്‍ക്ക് എതിരായ അതിക്രമം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം ആണ് ഇയാള്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്
7. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പെട്രോള്‍ എന്നതു പോലെ ആണ് കേരളത്തിന് കരിമണല്‍ എന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ആലപ്പാട്ടെ ഖനനം നിറുത്തി വയ്ക്കണം എന്ന് നിയമസഭാ പരിസ്ഥിതി സമിതി പറഞ്ഞിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും ഹാനികരം അല്ലാത്ത രീതിയില്‍ ഖനനം തുടരാം എന്നാണ് സമിതി വ്യക്തമാക്കി ഇരിക്കുന്നത് എന്നും നിയമസഭയില്‍ മന്ത്രി ഇ.പി ജയരാജന്‍
8. പ്രതികരണം, ആലപ്പാട്ടെ അശാസ്ത്രീയ ഖനനം തദ്ദേശവാസികളുടെ നിലനില്‍പ്പിന് ഭീഷണി ആണെന്നും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നില്ല എന്നും ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി ആയി. ഖനനം സംബന്ധിച്ച് ഇതുവരെ ഒരു പരാതി പോലും സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടില്ല. ആലപ്പാട്ടെ ജനങ്ങള്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് പരിഹരിക്കും. സമരത്തിന് പിന്നില്‍ ബാഹ്യ ശക്തികള്‍ എന്നും ഇ.പി
9. കേന്ദ്ര സര്‍ക്കാരിന് എതിരായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ധര്‍ണയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മമതയുടേത് പ്രധാനമന്ത്രി പദത്തില്‍ എത്താനുള്ള നാടകം എന്ന് ജെയ്റ്റ്ലി. മറ്റ് പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ശ്രദ്ധ തിരിച്ച് രാജ്യത്തെ പ്രതിപക്ഷത്തിന്റെ കേന്ദ്രമായി സ്വയം ഉയര്‍ത്തിക്കാട്ടാന്‍ ആണ് മമത ശ്രമിക്കുന്നത്. കള്ളന്മാരായ ഭരണാധികാരികളുടെ കൂട്ടായ്മ ആണ് പ്രതിപക്ഷം എന്നും ആക്ഷേപം
10. സി.ബി.ഐയില്‍ നിന്ന് സ്വയം പ്രതിരോധം തീര്‍ക്കാന്‍ ആണ് മമത ധര്‍ണ്ണ ഇരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറും ആരോപിച്ചിരുന്നു. കേന്ദ്രത്തിന് എതിരെ ധര്‍ണ്ണ ഇരിക്കുന്നതിലൂടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പാതയാണ് മമത പിന്തുടരുന്നത് എന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും
11. അതേസമയം, സി.ബി.ഐയ്ക്ക് മുന്നില്‍ കൊല്‍ക്കത്ത കമ്മിഷണര്‍ ഹാജരാകണം എന്ന സുപ്രീംകോടതി വിധി അന്വേഷണത്തിന്റെ ഭാഗം ആണെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ശരിയായ രീതിയില്‍ അന്വേഷണം നടക്കണം. മമതയും ബി.ജെ.പിയും ചേര്‍ന്ന് രാഷ്ട്രീയ ഫുട്‌ബോള്‍ കളിക്കുന്നു എന്നും പ്രകാശ് കാരാട്ട്