അമ്പലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹർജിയിൽ മന്ത്രി ജി. സുധാകരനെതിരെ കേസെടുക്കാൻ അമ്പലപ്പുഴ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. മാർച്ച് 29ന് ഹാജരാകാൻ മന്ത്രിക്ക് കോടതി നോട്ടീസയച്ചു. സി.പി.എം കൊട്ടാരവളവ് ബ്രാഞ്ച് മുൻ സെക്രട്ടറിയും ജി. സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫംഗവുമായ ഉഷ സാലി നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിക്കാരിയുടെയും അഭിഭാഷകയുടെയും ഭാഗം കേട്ടശേഷം ഐ.പി.സി 509-ാം വകുപ്പ് ചുമത്തി മന്ത്രിക്കെതിരെ കേസെടുക്കാൻ മജിസ്ട്രേട്ട് ബവീനാ നാഥ് നിർദ്ദേശിക്കുകയായിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പാണിത്.
പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്നതിനാലാണ് കോടതിയെ സമീപിച്ചതെന്ന് അഡ്വ. അനുജി തോട്ടപ്പള്ളി മുഖേന നൽകിയ ഹർജിയിൽ പറയുന്നു.
ഉഷാ സാലിയുടെ ഹർജിയിൽ പറയുന്നത്: 2016 ഫെബ്രുവരി 28ന് തോട്ടപ്പള്ളി കൃഷ്ണൻചിറ - ലക്ഷ്മിത്തോപ്പ് റോഡിന്റെ ഉദ്ഘാടന വേളയിൽ, അന്ന് എം.എൽ.എയായിരുന്ന ജി. സുധാകരൻ പൊതുജനമദ്ധ്യത്തിൽ തന്നെ അപമാനിക്കുന്ന തരത്തിൽ മൈക്കിലൂടെ സംസാരിച്ചു. സംഭവത്തിനുശേഷം തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാദേശികതലം മുതൽ സംസ്ഥാന ഘടകത്തിൽ വരെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. അന്ന് പത്രങ്ങളിൽ വന്ന വാർത്തയും തത്സമയം റെക്കാഡ് ചെയ്ത പ്രസംഗവും ഹർജിക്കാരി കോടതിയിൽ ഹാജരാക്കി. സി.പി.എം തോട്ടപ്പള്ളി മുൻ എൽ.സി സെക്രട്ടറി സാലിയാണ് ഉഷയുടെ ഭർത്താവ്.