മാനന്തവാടി : പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ ഡി.സി.സി സെക്രട്ടറിയും ബത്തേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഒ.എം. ജോർജ് പൊലീസിൽ കീഴടങ്ങി. വീട്ടിൽ ജോലിക്കെത്തിയ തന്നെ ഒന്നര വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ ജനുവരി 29നാണ് ബത്തേരി പൊലീസ് കേസെടുത്തത്. അന്നു മുതൽ ജോർജ് ഒളിവിലായിരുന്നു.
നാല് ദിവസമായി ശ്രീരംഗപട്ടണം, ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലെ ലോഡ്ജിലും ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കഴിഞ്ഞ ജോർജ് കഴിഞ്ഞ ദിവസം രാത്രി ബത്തേരിയിലെ ബന്ധുവീട്ടിലെത്തിയിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ എസ്.എം.എസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി കുബേരൻ നമ്പൂതിരിയുടെ മുമ്പാകെ കീഴടങ്ങിയത്. കൽപ്പറ്റ പോക്‌സോ കോടതി റിമാൻഡ് ചെയ്ത ജോർജിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി.
ജോർജിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.