mzmata-
മമത

ന്യൂഡൽഹി:ബംഗാളിലെ ചിട്ടിതട്ടിപ്പ് കേസ് സുപ്രീംകോടതി ഉത്തരവ് പ്രകാരം അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ ബലമായി ബസിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം നിയമവിരുദ്ധമായി തടഞ്ഞുവച്ചത് കോടതിയലക്ഷ്യമാണെന്ന് സി. ബി. ഐ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.

സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ വീട് പൊലീസ് വളഞ്ഞു. ഭാര്യയും മകളും അകത്തുണ്ടായിരുന്നു. പൊലീസ് വാതിലിൽ ശക്തമായി അടിച്ചുകൊണ്ടിരുന്നു. പന്തികേട് തോന്നിയതിനാൽ അദ്ദേഹം വാതിൽ തുറന്നില്ല. കോടതി ഉത്തരവ് പ്രകാരം പ്രവർത്തിച്ച കേന്ദ്രപൊലീസിനെ സംസ്ഥാന പൊലീസ് ആക്രമിക്കുന്നു. ആരുടെ ഉത്തരവ് അനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചത്. സംസ്ഥാനത്ത് ഭരണഘടനാസംവിധാനങ്ങൾ തകർന്നിരിക്കുന്നു. ഇത് അനുവദിച്ചാൽ ഗുരുതര ക്രമസമാധാന പ്രശ്നങ്ങളുണ്ടാകും. അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി.

കേസ് അന്വേഷണം സി.ബി.ഐ തുടങ്ങിയത് മുതൽ പൊലീസ് ബുദ്ധിമുട്ടിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർമേത്തയും പറഞ്ഞു.


രാജീവ്കുമാർ പ്രതിയല്ല, ശ്രമം അപമാനിക്കാൻ: മമത സർക്കാർ

സി.ബി.ഐയുടേത് അപമാനിക്കാനും ദ്രോഹിക്കാനുമുള്ള നടപടിയാണെന്ന് ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി പറഞ്ഞു. 2016ൽ എസ്.ഐ.ടിയുടെ പ്രവർത്തനത്തെ സുപ്രീംകോടതി അഭിനന്ദിച്ചിരുന്നു. അറസ്റ്റുകൾ നടന്നത് 2013നും 19നും ഇടയിലാണ്. ഈ നിമിഷം വരെ രാജീവ്കുമാർ പ്രതിയല്ല. രാജീവ്കുമാറിന് നൽകിയ അവസാനത്തെ രണ്ട് നോട്ടീസുകൾ തമ്മിൽ ഒരുവർഷത്തെ ഇടവേളയുണ്ട്. ഇടക്കാല ഡയറക്ടർ പദവി എം. നാഗേശ്വരറാവു ഒഴിയുന്നതിന് തൊട്ട് മുൻപ് സി.ബി.ഐ രഹസ്യമായി ഓപ്പറേഷൻ നടത്തുകയായിരുന്നു.സി.ബി.ഐക്ക് പരാതിയുണ്ടെങ്കിൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കണമായിരുന്നു. സി.ബി.ഐ ഓഫീസർമാരെ അറസ്റ്റ് ചെയ്യുകയോടെ തടഞ്ഞുവയ്ക്കുകയോ ചെയ്തിട്ടില്ല.