കൊച്ചി: ഉദ്യോഗസ്ഥതല നടപടിക്രമങ്ങൾ ലഘൂകരിച്ച് പുതു സംരംഭങ്ങൾ അതിവേഗം തുടങ്ങാനും സുഗമമായി മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കുന്ന ഏകജാല സംവിധാനമായ കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്‌റ്ര് ആൻഡ് ട്രാൻസ്‌പരന്റ് ക്ളിയറൻസസ് (കെ-സ്വിഫ്‌റ്ര്) 11ന് കൊച്ചി ബോൾഗാട്ടിയിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന 'അസെൻസ്-2019" സമ്മേളനത്തിൽ അവതരിപ്പിക്കും.
കേരളത്തെ നിക്ഷേപ സൗഹൃദമാക്കുകയാണ് അസെൻഡ് സമ്മേളനത്തിന്റെ ലക്ഷ്യം. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാഥിതിയാകും. പുതിയ സംരംഭങ്ങൾക്ക് അതിവേഗം അനുമതി നൽകുന്നതിനായി കെ-സ്വിഫ്‌റ്രിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സംരംഭങ്ങൾക്ക് ക്ലിയറൻസ് ലഭ്യമാക്കാനുള്ള ആദ്യ സംയോജിത പ്ളാറ്ര്‌ഫോമാണ് കെ-സ്വിഫ്‌റ്ര്.
നഗരകാര്യാലയം, പഞ്ചായത്ത് കാര്യാലയം, നഗര-ഗ്രാമ ആസൂത്രണം, ഫാക്‌ടറീസ്-ബോയിലേഴ്സ്, ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്ര്, മൈനിംഗ്-ജിയോളജി, വനം-വന്യജീവി, തൊഴിൽ, ഫയർ-റെസ്‌ക്യൂ സർവീസസ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി, വൈദ്യുതി ബോർഡ്, ജല അതോറിറ്റി, ഭൂഗർഭ ജലവകുപ്പ് എന്നീ 14 വകുപ്പുകളുടെ /ഏജൻസികളുടെ സേവനം കെ-സ്വിഫ്‌റ്റിൽ ലഭിക്കും. അപേക്ഷകൾ യൂണിഫൈഡ് കോമൺ ആപ്ലിക്കേഷൻ ഫോമിലൂടെയാണ് (സി.എ.എഫ്) സമർപ്പിക്കേണ്ടത്.