കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ പുതിയ തെളിവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. ഇൻഫർമേഷൻ കേരളാ മിഷനിൽ സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണൻനായരുടെ സഹോദരന്റെ പുത്രനെ നിയമിച്ചതിൽ പാർട്ടി എം.എൽ.എയായ ജയിംസ് മാത്യു മന്ത്രിക്ക് പരാതി നൽകിയതായി യൂത്ത് ലീഗ് ആരോപിക്കുന്നു.
തളിപ്പറമ്പ് എം.എൽ.എയായ ജയിംസ് മാത്യു മന്ത്രി എ.സി മൊയ്തീന് നൽകിയ കത്ത് പി കെ ഫിറോസ് പുറത്തുവിട്ടു. എം.എൽ.എയുടെ പരാതിയിന്മേൽ തുടർനടപടികളിൽ കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടെന്നും ഫിറോസ് പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോലിയക്കോടിന്റെ ബന്ധുവിനെ ഇൻഫൻമേഷൻ കേരള മിഷനിൽ ഒരുലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചതിനെ ക്രമവിരുദ്ധമാണെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം.
കഴിഞ്ഞ ഡിസംബറിലാണ് പരാതി തദ്ദേശ വികസന വകുപ്പ് മന്ത്രി എ.സി മെയ്തീന് എം.എൽ.എ കെെമാറിയത്. തുടർന്ന് പരാതി സംബന്ധിച്ച് അഡീഷനൽ ചീഫ് സെക്രട്ടറിയോട് മന്ത്രി റിപ്പോർട്ട് തേടിയെങ്കിലും തുടർനടപടി ഉണ്ടായില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി പാർട്ടി എം.എൽ.എയുടെ പരാതിയെക്കുറിച്ച് മറുപടി പറയണമെന്ന് പി.കെ ഫിറോസ് ആവശ്യപ്പെട്ടു.