കൊൽക്കത്ത: ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മൂന്ന് ദിവസമായി നടത്തി വന്നിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കുകയാണെന്ന് മമതാ ബാനർജി പ്രഖ്യാപിച്ചു. ഞങ്ങൾ പോരാട്ടം അവസാനിപ്പിക്കുന്നില്ല. ഇനി വിഷയം ഡൽഹിയിൽ ഉയർത്തും. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടി നടത്തിയ സമരം വിജയമാണ്. എല്ലാ ഏജൻസികളെയും നിയന്ത്രിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. സംസ്ഥാന ഏജൻസികളെയും അവർക്കു നിയന്ത്രിക്കണോ?. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവച്ച് ഗുജറാത്തിലേക്ക് തിരികെ പോകണം. ഈ സമരം ഇവിടെ അവസാനിപ്പിക്കുകയാണ്- മമത പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിദ്ധ്യത്തിയാലിരുന്നു മമത സമരം അവസാനിപ്പിച്ചത്.
ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഷില്ലോംഗിൽ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ കമ്മിഷണറെ അറസ്‌റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് നിർദ്ദേശിച്ച കോടതി രാജീവ് കുമാറിനോട് അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവിട്ടു. വിഷയത്തിൽ കോടതി അലക്ഷ്യമുള്ള വിഷയങ്ങൾ പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്‌റ്റഡിയിൽ എടുത്തുവെന്ന പരാതിയിൽ പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് നൽകാനും ഇക്കാര്യത്തിൽ ഈ മാസം 118നകം ഉത്തരം നൽകാനും കോടതി നിർദ്ദേശിച്ചു. സി.ബി.ഐക്ക് മുന്നിൽ ഹാജരാകാൻ മുതിർന്ന ഉദ്യോഗസ്ഥർ മടിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സി.ബി.ഐ നീക്കം മമതാ ബാനർജിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാൾ പൊലീസ് തടഞ്ഞതോടെയാണ് വൻ പ്രതിസന്ധി രൂപപ്പെട്ടത്. ഇക്കാര്യത്തിൽ മമതയ്‌ക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തു. കേസിലെ തെളിവ് നശിപ്പിക്കാനാണ് രാജീവ് കുമാർ ശ്രമിക്കുന്നതെന്ന് കോടതിയിൽ സി.ബി.ഐ ആരോപിച്ചു. കേസിലെ പ്രതികളിൽ നിന്ന് പിടികൂടിയ ലാപ്‌ടോപ്പും മറ്റ് തെളിവുകളും അവർക്ക് തന്നെ തിരിച്ച് നൽകിയെന്നും സി.ബി.ഐ കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്‌തു. കേസ് ആദ്യം അന്വേഷിച്ച രാജീവ് കുമാർ തെളിവുകളൊന്നും തന്നെ സി.ബി.ഐക്ക് നൽകിയിരുന്നില്ല. ഇത് തെളിവ് നശിപ്പിക്കുന്നതിനുള്ള ഭാഗമാണെന്നും സി.ബി.ഐ ആരോപിച്ചു.