കൊൽക്കത്ത: കേന്ദ്ര സർക്കാരിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ മൂന്ന് ദിവസമായി നടത്തിവന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. കൊൽക്കത്ത പൊലീസ് കമ്മിഷണർക്കെതിരായ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് ചൊവ്വാഴ്ച സുപ്രീംകോടതി നടത്തിയ വിധി ആശാവഹമാണെന്നും ഈ സമരം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും മമത പറഞ്ഞു. കോടതി വിധി സ്വാഗതം ചെയ്യുന്നു. അന്വേഷണത്തോടു സഹകരിക്കില്ലെന്നു താൻ പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
ഞങ്ങൾ പോരാട്ടം അവസാനിപ്പിക്കുന്നില്ല. ഇനി വിഷയം ഡൽഹിയിൽ ഉയർത്തും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഇന്നലെ മമതയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ചന്ദ്രബാബു നായിഡുവുമായി ചർച്ച ചെയ്ത ശേഷമാണ് മമത ധർണ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് അറിയുന്നത്. ഒരാളും ഒരു പാർട്ടിയുമാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. അവർ സംസ്ഥാന ഏജൻസികളെയും നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. വൺമാൻ സർക്കാരാണ് മോദിയുടെ ലക്ഷ്യമെങ്കിൽ അദ്ദേഹം രാജിവച്ച് ഗുജറാത്തിലേക്ക് മടങ്ങണമെന്നും അവിടെ മാത്രമേ അതെല്ലാം നടക്കൂയെന്നും മമത പറഞ്ഞു.
ഫെബ്രുവരി 12 മുതൽ
ഡൽഹിയിൽ
ബി.എസ്.പി, എസ്.പി, ടി.ഡി.പി, എൻ.സി.പി, ആം ആദ്മി, ജെ.ഡി.യു, ആർ.ജെ.ഡി, ഡി.എം.കെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ ന്യൂഡൽഹിയിലെ ജന്തർമന്ദറിൽ ഫെബ്രുവരി 12 മുതൽ മമതയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്നാണ് അറിയുന്നത്.എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ജെ.ഡി.യു നേതാവ് ശരത് യാദവ് തുടങ്ങിയവരുമായി വിഷയം ചർച്ച ചെയ്യുമെന്നും ഡൽഹിയിൽ അവരും പങ്കെടുക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
അതേസമയം സി.ബി.ഐ മേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് കൊൽക്കത്ത കമ്മിഷണർ രാജീവ് കുമാർ അനുമതി തേടി. വെള്ളിയാഴ്ച കൂടിക്കാഴ്ച നടന്നേക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.