ന്യൂഡൽഹി: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും നാളെ സുപ്രീംകോടതി പരിഗണിക്കും. 65 ഒാളം ഹർജികളാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കുക. കോടതിയിൽ പുനപരിശോധനാ ഹർജികൾക്ക് പുറമെ പുതിയ റിട്ട് ഹർജികളും നാളെ പരിഗണിക്കുന്നുണ്ട്.
റിട്ട് ഹർജികളും റിവ്യൂ ഹർജികളും കൂടാതെ ദേവസ്വം ബോർഡ് വിധി നടപ്പാക്കാൻ സാവകാശം തേടി സമർപ്പിച്ചിട്ടുള്ള ഹർജിയും നാളെ കോടതി പരിഗണിക്കുന്നുണ്ട്. 56 പുനപരിശോധനാ ഹർജിയാണ് കോടതി പരിഗണിക്കുക. നാല് റിട്ട് ഹർജികൾ, രണ്ട് ട്രാൻസ്ഫർ ഹർജികൾ, ദേവസ്വം ബോർഡിന്റ സാവകാശ അപേക്ഷ എന്നിവയും ഉൾപ്പെടുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് എല്ലാ ഹർജികളും പരിഗണിക്കുന്നത്. ഹർജി സ്വീകരിക്കുകയാണെങ്കിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിടുകയും തുടർവാദത്തിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്യും.