yogi-

കൊൽക്കത്ത: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന് ബംഗാളിൽ ഹെലികോപ്‌ടർ ഇറങ്ങാനുള്ള അനുമതി മമത ബാനർജി സർക്കാർ നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം ജാർഖണ്ഡിൽ പറന്നിറങ്ങി. പിന്നീട് റോഡ് മാർഗം ബംഗാളിൽ എത്തിയ യോഗി ആദിത്യനാഥ് മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ചു. മമതാ ബാനർജി അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നും അഴിമതിയിൽ മുങ്ങിയ ഭരണത്തിൽനിന്ന് ബംഗാളിനെ മോചിപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ബംഗാളിലെ പുരുലിയയിൽ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് യോഗി ആദിത്യനാഥ് മമതാ ബാനർജിക്കെതിരേ ആഞ്ഞടിച്ചത്. യോഗിയുടെ ഹെലികോപ്ടർ പുരുലിയയിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് അയൽസംസ്ഥാനമായ ജാർഖണ്ഡിലെ ബൊക്കാറോയിലാണ് ഹെലികോപ്ടർ ഇറക്കിയത്. തുടർന്ന് റോഡ് മാർഗം 50 കിലോമീറ്റർ സഞ്ചരിച്ചാണ് യോഗി സമ്മേളനവേദിയിലെത്തിയത്.

കേന്ദ്ര സർക്കാരിനെതിരേ മമതാ ബാനർജി തുറന്നപോര് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു യോഗിയുടെ ബംഗാൾ സന്ദർശനം. എന്നാൽ ഫെബ്രുവരി മൂന്നിന് നിശ്ചയിച്ചിരുന്ന രണ്ട് റാലികളിലും യോഗി ആദിത്യനാഥിന് ഹെലികോപ്ടർ ഇറക്കാൻ അനുമതി നിഷേധിച്ചിരുന്നു.