മലപ്പുറം: ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ വീട്ടിൽ പ്രവേശനം നിഷേധിക്കപ്പെട്ട കനക ദുർഗ കോടതി ഉത്തരവിന്റെ ബലത്തിൽ തിരിച്ചെത്തിയതോടെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭർതൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറി. പുലാമന്തോൾ ഗ്രാമ ന്യായാലയത്തിന്റെ ഉത്തരവ് പ്രകാരം ഇന്ന് രാത്രി കനക ദുർഗ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് ഭർത്താവും ഭർതൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറാൻ തീരുമാനിച്ചത്. കനക ദുർഗയെ ആരും തടയരുതെന്നും ഭർത്താവിന്റെ പേരിലുള്ള വീട് തൽക്കാലം വിൽക്കരുതെന്നും പുലാമന്തോൾ ഗ്രാമന്യായാലയം വിധി പറഞ്ഞിരുന്നു.
ശബരിമലയിൽ ദർശനം നടത്തിയതിനെ തുടർന്ന് വീട്ടുകാർ പുറത്താക്കിയതിനും ഭർതൃവീട്ടിൽ പ്രവേശിക്കാനും കുട്ടികൾക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കനകദുർഗ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. കനകദുർഗയുടെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭർതൃമാതാവ് സുമതിയമ്മയും കോടതിയിൽ ഹാജരായിരുന്നു. ശബരിമല ദർശനത്തിനുശേഷം കനകദുർഗ താമസിച്ച സ്ഥലങ്ങളെക്കുറിച്ച് ആവർത്തിച്ചുള്ള പരാമർശങ്ങൾ പരിഗണനാവിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ശബരിമലയിൽ ദർശനംനടത്തിയശേഷം പെരിന്തൽമണ്ണയിലെ വൺസ്റ്റോപ്പ് സെന്ററിൽ പൊലീസ് സംരക്ഷണത്തിലാണ് കനകദുർഗ കഴിയുന്നത്. സുപ്രീം കോടതിയിൽ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജിയാണ് സമർപ്പിച്ചതെന്നും കനകദുർഗയുടെ അഭിഭാഷക അറിയിച്ചു.