തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ, 40 വയസിന് മേൽ പ്രായമുളള വിധവകൾക്ക് വിഴിഞ്ഞത്ത് ആരംഭിക്കുന്ന ഭക്ഷ്യ സംസ്കരണ പദ്ധതിയിൽ ജോലി നൽകുമെന്ന് മന്ത്റി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഓഖി ദുരിതബാധിതർക്കായി എല്ലാ സഹായവും നൽകി. നെറ്റ് ഫാക്ടറിയിലെ ജോലിക്ക് 41പേർക്കു മാത്രമേ യോഗ്യതയുണ്ടായിരുന്നുള്ളൂ. ശേഷിക്കുന്നവർക്കാണ് വിഴിഞ്ഞത്ത് ജോലി നൽകുകയെന്ന് വി.എസ്. ശിവകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
ഓഖിയുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കി. ഓഖിയിൽ മരിക്കുകയും കാണാതാവുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ വിധവകളിൽ 42 പേർക്ക് മുട്ടത്തറയിലെ നെറ്റ് ഫാക്ടറിയിൽ ജോലി നൽകിയിട്ടുണ്ട്. 143 കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നൽകി. വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളികളിൽ അഞ്ച് പേർക്ക് ഫ്ളാറ്റ് അനുവദിച്ചു. 9 പേർക്ക് ഭവനം നിർമ്മാണ ഘട്ടത്തിലാണ്. 24 പേർക്ക് സ്ഥലം രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിലാണ്. ഇതിനായി 2.41 കോടി രൂപ അനുവദിച്ചു. മത്സ്യബന്ധനോപകരണങ്ങൾ നഷ്ടമായവർക്ക് 6.76 കോടി രൂപ അനുവദിച്ചു. 309 കുട്ടികൾക്ക് ബിരുദതലം വരെ വിദ്യാഭ്യാസത്തിന് 13.92 കോടി രൂപ അനുവദിച്ചു. ഈ വർഷത്തേക്കുള്ള തുക വിതരണം ചെയ്തുകഴിഞ്ഞു. 40000 പേർക്ക് ലൈഫ് ജാക്കറ്റ് വിതരണ നടപടി അന്തിമഘട്ടത്തിലാണ്. 15.93 കോടി രൂപ ചെലവിൽ 15000 മത്സ്യത്തൊഴിലാളികൾക്ക് നാവിക് ഉപകരണം നൽകുന്നുണ്ട്. 1000 മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ നൽകുന്നതിനായി 9.42 കോടി രൂപയും അനുവദിച്ചു. 120 എഫ്.ആർ.പി ബോട്ടുകൾക്ക് 1.94 കോടി രൂപ കേന്ദ്ര സഹായം ലഭ്യമായിട്ടുണ്ട്. ബാക്കി വേണ്ട 7.94 കോടി രൂപ ഓഖി ഫണ്ടിൽ നിന്ന് ലഭ്യമാക്കാനുള്ള ശുപാർശ പരിശോധിക്കുകയാണ്.
മത്സ്യബന്ധന
യാനങ്ങൾക്ക്
ഇൻഷ്വറൻസ്
നടപ്പു സാമ്പത്തിക വർഷം മുതൽ മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്റി ജെ. മേഴ്സിക്കുട്ടിയമ്മ കെ. ദാസന്റെ സബ്മിഷന് മറുപടിയായി നിയമസഭയിൽ അറിയിച്ചു. 15 മീറ്റർ വരെ നീളമുള്ള പരമ്പരാഗത യാനങ്ങൾക്കാണ് ആദ്യ വർഷം മുൻഗണന നൽകുന്നത്. പൂർണ നഷ്ടം കവർ ചെയ്യുന്നതിന് നിശ്ചിത വിലയുടെ ഒരു ശതമാനം നികുതിയും ചേർന്നതാണ് പ്രീമിയം. പൂർണവും ഭാഗികവുമായ നഷ്ടം കവർ ചെയ്യുന്നതിന് നിശ്ചിതവിലയുടെ 1.5 ശതമാനവും നികുതിയും ചേർന്നതാണ് പ്രീമിയം. പ്രീമിയം തുകയുടെ പത്ത് ശതമാനം ഗുണഭോക്തൃ വിഹിതമായി ഈടാക്കും. ബാക്കി 90 ശതമാനം സർക്കാർ വഹിക്കും.
തീരത്താകെ
കടൽഭിത്തി കെട്ടാൻ 333.75കോടി
സംസ്ഥാനത്തെ മുഴുവൻ തീരമേഖലയിലും കടലാക്രമണ പ്രതിരോധ പദ്ധതി നടപ്പാക്കാനുള്ള 333.75 കോടി രൂപയുടെ എസ്റ്റിമേറ്റ് പരിശോധിച്ചുവരികയാണെന്ന് മന്ത്റി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. 373.30 കോടിയുടെ ലോകബാങ്ക് സഹായത്തിന് അപേക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ പുലിമുട്ട് നിർമ്മിക്കുന്നതിന് മുൻഗണന നൽകും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തീരദേശ മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ടി.വി. രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു.