തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരാധന സൗകര്യം ഒരുക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്ന് കരുതുന്നില്ലെന്ന് മന്തി കെ.ടി.ജലീൽ പറഞ്ഞു.സർക്കാർ വിദ്യാലയങ്ങൾ നിലകൊള്ളുന്നതുതന്നെ മതനിരപേക്ഷതാ ബോധം വിദ്യാർത്ഥികളിൽ പകരാനാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
സർവകലാശാലകളിലെ എം.ഫിൽ, പി.എച്ച്.ഡി പ്രവേശനത്തിൽ എസ്.സി/എസ്ടി ഉൾപ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷങ്ങൾക്ക് സംവരണം ഏർപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ട്. അടുത്ത അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലേയും പ്രവേശനം, പരീക്ഷാ നടത്തിപ്പ്, റിസൾട്ട് പ്രഖ്യാപനം എന്നിവയ്ക്ക് ഏകീകൃത കലണ്ടർ നിലവിൽ വരും. ഡിഗ്രി പരീക്ഷകളുടെ ഫലം ഏപ്രിൽ 30നു മുമ്പും പി.ജി പരീക്ഷകളുടേത് മേയ് 30ന് മുമ്പും പ്രഖ്യാപിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഉപരിപഠനത്തിനും മറ്റും തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാതെ എല്ലാ സർവകലാശാലകളിലേയും കോഴ്സുകളെ പരസ്പരം അംഗീകരിക്കണമെന്ന് സർവകലാശാലകൾക്ക് നിർദ്ദേശം നൽകി. കോളേജ് അദ്ധ്യാപകർക്ക് മാത്രമാണ് ജോലിയിൽ ചേരുന്നതിന് മുമ്പ് യാതൊരു പരിശീലനവും ലഭിക്കാത്തതെന്നും ഈ പോരായ്മ പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അദ്ധ്യാപകർക്കായി ഓറിയിന്റേഷൻ പ്രോഗ്രാം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ 1000 പേർക്കാണ് പരിശീലനം നൽകുന്നത്.
അദ്ധ്യയന ദിനങ്ങൾ കൂടുതൽ നഷ്ടപ്പെട്ടത്
ആലപ്പുഴയിൽ
ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ അദ്ധ്യയനദിനങ്ങൾ നഷ്ടപ്പെട്ടത് ആലപ്പുഴ ജില്ലയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു. 21 ദിനങ്ങളാണ് ജില്ലയ്ക്ക് നഷ്ടമായത്. 10 ദിനങ്ങളുമായി മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 137 അദ്ധ്യയന ദിനങ്ങളാണ് പ്രതീക്ഷിച്ചിരുന്നത് .