sabarimala

പുന:പരിശോധന ഹർജികളുൾപ്പെടെ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. റിട്ട് ഹർജികളുൾപ്പെടെ അറുപത്തിയഞ്ച് ഹർജികളാണ് പരിഗണനയിൽ. യുവതീപ്രവേശ വിഷയത്തിൽ ഇന്നത്തെ സുപ്രീംകോടതി നടപടികൾ നി‌ർണായകമാണ്. ഈ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ റിവ്യൂ സാധ്യതയെ കുറിച്ച് വിലയിരുത്തുകയാണ് അഡ്വ:ഹരിഷ് വാസുദേവൻ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

റിവ്യൂ സാധ്യത
----------------------
ശബരിമല റിവ്യൂ ഹരജികൾ ഇന്ന് പരിഗണിക്കുന്നു. നേരത്തേ പറഞ്ഞത് ആവർത്തിക്കുന്നു. ആൾക്കൂട്ട ബഹളമോ ക്രമസമാധാന പ്രശ്നമോ കണ്ട്‌ വിധിന്യായം തിരുത്തുന്ന ശീലം സുപ്രീംകോടതിയ്‌ക്ക് ഇല്ല. SC ST ആക്ട് വിധിയിലോ ജെല്ലിക്കെട്ട് വിഷയത്തിലോ എന്തിനു എത്രയോപേർ മരിച്ച കാവേരി കേസിലോ അതുണ്ടായില്ല.

റിവ്യൂ ചെയ്യാൻ "Apparent error on the face of record" ഉണ്ടാകണം എന്നും ഞാൻ വായിച്ച ഹരജികളിൽ ഒന്നിലും അങ്ങനെയൊന്ന് കണ്ടില്ല എന്നും മറ്റ് ഹരജികളിൽ ഉണ്ടെങ്കിൽ ചിലപ്പോൾ റിവ്യൂ ചെയ്തേക്കാമെന്നും സാധ്യത വളരെ കുറവാണെന്നും നേരത്തേ വീഡിയോയിൽ പറഞ്ഞിരുന്നു. റിവ്യൂ തുറന്ന കോടതിയിൽ കേൾക്കാനുള്ള വിധി വന്നപ്പോൾ എന്റെ വീഡിയോയിലെ ഒരുവരി മാത്രം എടുത്ത് സംഘികൾ ട്രോളുകൾ ഇറക്കി. എന്റെ പ്രവചനം തെറ്റി എന്നാണ് സംഘിക്കൂട്ടം ആഘോഷിച്ചത്. മെറിറ്റിൽ കാര്യം പറഞ്ഞു തോൽക്കുന്ന ഇടങ്ങളിൽ വ്യക്തിഹത്യയും നുണയുമാണ് അവർക്ക് അറിയാവുന്നത്.

എന്നിട്ട് error ഉണ്ടോ?
--------------------------------
ശബരിമല വിധിന്യായത്തിൽ പരിഗണിക്കാത്തത് എന്നു ചൂണ്ടിക്കാണിക്കപ്പെട്ട നിയമപ്രശ്നങ്ങളിൽ 2 എണ്ണം നോക്കേണ്ടതാണ് എന്നു കരുതുന്നു.

ഒന്ന്, Article 15 (2) (ബി) യിൽ മതസ്ഥാപനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഉൾപ്പെടുത്തണം എന്ന നിർദ്ദേശം ഉണ്ടായിരുന്നിട്ടും ഭരണഘടനാ അസംബ്ലി അത് അനുവദിച്ചില്ല. അതിനർത്ഥം 15 (2) മതസ്ഥാപനങ്ങളിൽ ബാധകമാക്കരുത് എന്നതാണ് എന്ന വാദം. ഈ വാദം അഡ്രസ്‌ ചെയ്യേണ്ടതുണ്ട്.

രണ്ട്, ആർട്ടിക്കിൾ 25 അനുസരിച്ചുള്ള വിശ്വാസസംരക്ഷണത്തിനുള്ള അവകാശം മൂന്നാം പാർട്ടിലെ മറ്റെല്ലാ മൗലികാവകാശങ്ങൾക്കും വിധേയമായിട്ടായിരിക്കും. എന്നാൽ അനുച്ഛേദം 26 അനുസരിച്ചാണ് മതസ്ഥാപനങ്ങൾ പരിപാലിക്കാനുള്ള അവകാശം. അത് പബ്ലിക് ഓർഡറിനും മൊറാലിറ്റിയ്ക്കും ആരോഗ്യത്തിനും മാത്രം വിധേയമായിട്ടായിരിക്കും. അതിൽ മറ്റു മൗലികാവകാശങ്ങൾക്ക് പ്രസക്തിയില്ല. യുവതീപ്രവേശനം പൂർണ്ണമായും ഒരു പരിപാലന/നടത്തിപ്പ് വിഷയമാണ്. അതിനാൽ മൗലികാവകാശം ക്ഷേത്രപ്രവേശനത്തിൽ ബാധകമല്ല.

ഇതിൽ, ആദ്യത്തെ വാദം യുക്തിസഹമായി തോന്നുമെങ്കിലും ആർട്ടിക്കിൾ 15 അനുസരിച്ചുള്ള തുല്യത പറഞ്ഞല്ല ചട്ടം 3 കോടതി റദ്ദു ചെയ്തത്. ആർട്ടിക്കിൾ 25 അനുസരിച്ചും പ്രവേശന നിയമത്തിലെ മൂന്നാം വകുപ്പിന് വിരുദ്ധം ആയതുകൊണ്ടും ആണ്. അതിനാൽ അത് ഈ വിധിയിൽ ബാധകമല്ല. ആ നിയമപ്രശ്നം മറ്റേതെങ്കിലും കേസിൽ വിശദമായി പരിഗണിക്കാൻ യോഗ്യമാണ്.

രണ്ടാമത്തെ വാദം യുക്തിസഹവും ഈ കേസിൽ ചർച്ചായോഗ്യവുമാണ്. ആർട്ടിക്കിൾ 26 നു മൗലികാവകാശം സംബന്ധിച്ച അനുച്ഛേദങ്ങൾ ബാധകമാക്കാതിരുന്നതും 15 ൽ മതസ്ഥാപനങ്ങളേ കൊണ്ടുവരാതെ ഇരുന്നതും ബോധപൂർവ്വം ആണോ? ചട്ടം 3 വകുപ്പ് 3 എന്നിവ 26 ആം അനുച്ഛേദം അനുശാസിക്കുന്ന അധികാരമുപയോഗിച്ചു കൊണ്ടുവന്നവ ആണോ? ഇതൊക്കെ ആണെങ്കിലും മൊറാലിറ്റിയും പബ്ലിക്ക് ഓർഡറും ബാധകമാകയാൽ ജസ്റ്റിസ്.ചന്ദ്രചൂട് വ്യാഖ്യാനിക്കുന്ന ഭരണഘടനാ മൊറാലിറ്റി അനുസരിച്ചു തുല്യത നിഷേധിക്കുന്ന ആരാധനാലായ നടത്തിപ്പ് സാധ്യമാവില്ലല്ലോ.

വിശ്വാസം ഭരണഘടനയ്ക്ക് മേലെയാണെന്നത് പോലെയുള്ള ബാക്കി മനുസമൃതി വാദങ്ങളൊക്കെ എടുത്ത് എറിഞ്ഞു കളയണം. Error ഇല്ലെന്നു 5 അംഗ ബെഞ്ചിൽ ഭൂരിപക്ഷത്തിന് തോന്നിയാൽ ഇന്ന് തന്നെ കേസുകൾ തള്ളണം. അതല്ലെങ്കിൽ
വിധിയിൽ നിയമപരമായ പിശകുണ്ടെന്നു ആത്മാർത്ഥമായി വിശ്വാസിക്കുന്നവരുടെ യുക്തിസഹമായ വാദങ്ങൾ പരിഗണിക്കണം. വിശദമായി അത് അഡ്രസ് ചെയ്യണം. എല്ലാത്തിനും മേലെയാണ് യുവതികൾക്ക് ഭരണഘടന നൽകുന്ന dignity എന്നു ഉയർത്തിപ്പിടിക്കണം. അപ്പോൾ ജുഡീഷ്യറി ഒരുപടി കൂടി ഉയരുകയാണ് ചെയ്യുക. ആ സമയം മുഴുവൻ സമൂഹത്തിൽ ഈ വിധി ഉയർത്തുന്ന ജെണ്ടർ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടും.

ശബരിമല: രാജ്യം കാത്തിരിക്കുന്ന ചരിത്രവിധിക്ക് ഇനി മിനിറ്റുകൾ മാത്രം, എല്ലാ ഹർജികളും ഇന്ന് സുപ്രീംകോടതിയിൽ