ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയേറ്റിലെ സ്വീപ്പർ, ശൗചാലയ ശുചീകരണ തസ്തികയിലേക്ക് അപേക്ഷ അയച്ചതിൽ അധികവും എം.ടെക്, ബി.ടെക്, എം.ബി.എ ബിരുദധാരികൾ. കഴിഞ്ഞ സെപ്തംബർ 26നായിരുന്നു തസ്തികകളിലേക്ക് അപേക്ഷക8 ക്ഷണിച്ചത്.
സ്വീപ്പർ തസ്തികകളിലേക്ക് 10 ഒഴിവുകളും ശൗചാലയ ശുചീകരണത്തിന് നാല് ഒഴിവുകളുമാണുള്ളത്. ശാരീരിക ക്ഷമതയാണ് ജോലിയുടെ പ്രധാന യോഗ്യതയായി പരിഗണിച്ചിരുന്നത്. ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസ്സുമാണ്. അതിനു മുകളിൽ എത് പ്രായത്തിൽ ഉള്ളവർക്കും ജോലിക്ക് അപേക്ഷിക്കാം. പ്രായപരിധിയിൽ ഉയർന്നവർക്ക് ഇളവുകളും നൽകിയായിരുന്നു അപേക്ഷകൾ ക്ഷണിച്ചത്. ഈ സാഹചര്യത്തിലാണ് എം.ടെക്, ബി.ടെക്, എം.ബി.എ ബിരുദധാരികൾ ജോലിക്കായി അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മുഖേന 4607 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ലഭിച്ച മൊത്തം അപേക്ഷകളിൽ നിന്ന് 677എണ്ണം മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. അതിന് ശേഷമുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.