sasikumara-varma

പന്തളം: സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്ന ശബരിമല ഹർജികളിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി ശശികുമാർ വർമ്മ വ്യക്തമാക്കി. മറ്റൊരു ബെഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ വികാരം കോടതി ഉൾകൊണ്ടതായി കരുതുന്നുവെന്ന് ശശികുമാർ വർമ്മ പറഞ്ഞു. നാമജപം ആയുധമാക്കാൻ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളിൽ ഇത് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ആരെയോ തോൽപ്പിക്കാനാണ് 51 പേർ മലകയറിയെന്ന് പറഞ്ഞത്. ഒടുവിൽ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ശശികുമാര വർമ്മ പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി തുറന്ന കോടതിയിൽ പരിഗണിക്കും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ കേൾക്കും. ശബരിമലയുമായി ബന്ധപ്പെട്ട 65 ഹർജികളാണുള്ളത്. തന്ത്രി കണ്ഠരര് രാജീവര്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം,അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ, പ്രയാർ ഗോപാലകൃഷ്ണൻ, ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോൻ, പി.സി. ജോർജ്, രാഹുൽ ഈശ്വർ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയ 56 റിവ്യൂ ഹർജികളുണ്ട്.