sabarimala-women-entry-re

ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധനാ ഹർജികളിലെ വാദം കേൾക്കൽ പൂർത്തിയാക്കിയ സുപ്രീം കോടതി കേസ് വിധി പറയാനായി മാറ്റി. എന്നാൽ എപ്പോഴാണ് വിധി പറയുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. വാദിക്കാൻ അവസരം ലഭിക്കാത്തവർ തങ്ങളുടെ വാദങ്ങൾ എഴുതി നൽകണമെന്നും ആവശ്യപ്പെട്ടു. യുവതീ പ്രവേശന വിധി തെറ്റാണെന്ന് ഹർജിക്കാർ വാദിച്ചപ്പോൾ വിധി ഭരണഘടനാ പരമായി ശരിയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും പുനപരിശോധനാ ഹർജികളെ ശക്തമായി എതിർത്തു. ഭരണഘടനാ പരമായ പല കാര്യങ്ങളും പരിഗണിക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും ഇത് തെറ്റാണെന്നും എൻ.എസ്.എസിന് വേണ്ടി ഹാജരായ അ‌ഡ്വ.കെ.പരാശരൻ വാദിച്ചു. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചാൽ പ്രതിഷ്‌ഠയുടെ ബ്രഹ്മചാര്യം ഇല്ലാതാകുമെന്ന് തന്ത്രിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. അതിനിടെ അഭിഭാഷകർ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ട കോടതി ഇങ്ങനെയാണെങ്കിൽ കോടതി നടപടികൾ നിറുത്തിവയ്‌ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ച അഭിഭാഷകർക്ക് കോടതി താക്കീത് നൽകുകയും ചെയ്‌തു. കൂടുതൽ വാദങ്ങൾ എഴുതി നൽകണമെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്‌റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ്ഹർജികൾ പരിഗണിച്ചത്. തന്ത്രി കണ്ഠരര് രാജീവര്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം,അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ, പ്രയാർ ഗോപാലകൃഷ്ണൻ, ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോൻ, പി.സി. ജോർജ്, രാഹുൽ ഈശ്വർ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയ 56 റിവ്യൂ ഹർജികൾ അടക്കം 65 ഹർജികളാണ് കോടതി പരിഗണിച്ചത്.

തന്ത്രിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണം

പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം മുടക്കുമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പി.വി.ദിനേശ് വാദിച്ചത്. യുവതീ പ്രവേശനത്തിനെതിരെ പുനപരിശോധന നടത്തിയവരെല്ലാം കോടതി അലക്ഷ്യം നടത്തിയവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിവ്യൂ ഹർജ്ജിയുമായി വന്ന തന്ത്രി ഉൾപ്പെടെയുള്ള അഞ്ച് ആളുകൾക്കെതിരെ കോടതി അലക്ഷ്യ നടപടികൾ എടുക്കണെമന്നും അവർ സുപ്രീം കോടതി വിധിയെ അപമാനിച്ചുവെന്നും ദിനേശ് ആവശ്യപ്പെട്ടു.

ശുദ്ധിക്രിയ ഭരണഘടനയ്‌ക്കേറ്റ മുറിവ്

ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്‌ക്കും ഇതിന്റെ പേരിൽ വധഭീഷണി ലഭിച്ചുവെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് കോടതിയെ അറിയിച്ചു. ഇരുവരെയും സമൂഹത്തിൽ നിന്ന് ബഹിഷ്‌ക്കരിക്കുകയാണ്. ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്‌മ നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. യുവതീ പ്രവേശനം തടയുന്നതും തൊട്ടുകൂടായ്‌മയുടെ ഉദാഹരണമാണ്. ശബരിമല പൊതുക്ഷേത്രം, ആരുടെയും കുടുംബ സ്വത്തല്ല. ഞാൻ ക്ഷേത്രത്തിൽ പോകണമെന്ന് തീരുമാനിച്ചാൽ എന്നെ തടയാൻ നിയമപരമായി ആർക്കും കഴിയില്ല. ഏത് ക്ഷേത്രത്തിൽ വേണമെങ്കിലും എനിക്ക് കയറാം. അയ്യപ്പസ്വാമി എന്ന തടയില്ലെന്നും അവർ വ്യക്തമാക്കി. ഒരു വ്യക്തി എന്ന നിലയിൽ ക്ഷേത്രത്തിൽ പോകാൻ എല്ലാ അധികാരവും ഭരണഘടന നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയത് ഭരണഘടനയ്‌ക്കേറ്റ മുറിവാണ്. സ്ത്രീകൾ അശുദ്ധരാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ ചരിത്രം പരിശോധിച്ചാൽ നിരവധി സ്ത്രീകൾ യുദ്ധത്തിൽ അടക്കം പങ്കെടുത്തിട്ടുണ്ടെന്ന് മനസിലാകുമെന്നും ഇന്ദിരാ ജയ്‌സിംഗ് കൂട്ടിച്ചേർത്തു. റസിയാ സുൽത്താന യുദ്ധത്തിന് പോയ ചരിത്രമുണ്ടെന്ന് രോഹിന്റൺ നരിമാൻ ഇക്കാര്യത്തിൽ മറുപടി പറഞ്ഞു. രേഷ്‌മ, ഷാനില എന്നിവർക്ക് ശബരിമലയിൽ പോകാൻ എല്ലാ സുരക്ഷയും നൽകണമെന്ന് ഇന്ദിരാ ജയ്‌സിംഗ് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ കോടതി മറുപടിയൊന്നും നൽകിയില്ല.

ശബരിമല വിധി അംഗീകരിക്കുന്നു

ആർത്തവമില്ലാതെ മനുഷ്യകുലം ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി തുടങ്ങിയത്. തുല്യതയുടെ അവകാശം എല്ലാവർക്കുമുള്ളതാണ്. ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവർക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ട്. ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. എല്ലാ വ്യക്തികൾക്കും മതത്തിൽ തുല്യ അവകാശമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ നിങ്ങൾ ശബരിമലയിലെ യുവതീ പ്രവേശനത്തെ നേരത്തെ എതിർത്തിരുന്നല്ലോ എന്ന് ജസ്‌റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചു. സുപ്രീം കോടതി വിധിക്ക് ശേഷം ഇക്കാര്യത്തിൽ നിലപാട് മാറ്റിയതാമെന്നും ദ്വിവേദി വ്യക്തമാക്കി. ഇപ്പോഴത്തെ ദേവസ്വം ബോർഡിന്റെ നിലപാടാണ് താൻ കോടതിയിൽ പറഞ്ഞതെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇക്കാര്യത്തിൽ വേണമെങ്കിൽ പ്രത്യേക അപേക്ഷ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതീ പ്രവേശന നിയന്ത്രണം അനിവാര്യമായ മതാചാരം ആണെന്നതിന് തെളിവില്ലെന്നും ബോർഡ്‌ കോടതിയിൽ പറഞ്ഞു.

അയ്യപ്പ വിശ്വാസികൾ പ്രത്യേക വിഭാഗമല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയ ദേവസ്വം ബോർഡ് അഭിഭാഷകൻ ഭരണഘടനയുടെ ധാർമികത സംബന്ധിച്ച ഭരണഘടന ബെഞ്ചിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നുവെന്നും അറിയിച്ചു. എല്ലാ ആചാരങ്ങളും ഭരണഘടനയ്‌ക്ക് അനുസൃതമായിരിക്കണം. കാലം മാറുന്നതിന് അനുസരിച്ച് എല്ലാ മേഖലകളിലും പരിഷ്‌കരണം ആവശ്യമാണ്. വനിതകൾക്ക് എല്ലാ മേഖലകളിലും അവസരം ഉണ്ടാകണം. ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും സ്ത്രീകളെ നയിക്കുന്ന തരത്തിൽ നമ്മൾ മാറണമെന്നും അവരുടെ ജൈവികമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഒരിടത്ത് നിന്നും പുറന്തള്ളപ്പെടരുതെന്നും ബോർഡ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പുനപരിശോധനാ ഹർജികളും റിട്ട് ഹർജികളും തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീകളെ വിലക്കുന്നത് ഹിന്ദുമത ആചാരമല്ല

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധിയെ പുനപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ ജയ്‌ദീപ് ഗുപ്‌ത വാദിച്ചു. സുപ്രീം കോടതിയുടെ മുൻ വിധിയെ തങ്ങൾ അനുകൂലിക്കുന്നു. പല വാദങ്ങളും കേട്ടില്ല എന്നത് പുനപരിശോധിക്കേണ്ടതിന് ന്യായമല്ല. കോടതി വിധിയിൽ തെറ്റുണ്ടെന്ന് സ്ഥാപിക്കാൻ ഇതുവരെ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ല. വിധി പുനപരിശോധിക്കാൻ വേണ്ടി ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നും ജയ്‌ദീപ് ഗുപ്‌ത ഗുപ്‌ത വാദിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത എന്ന ഉറപ്പാണ് ശബരിമല വിധിക്ക് ആധാരമായിട്ടുള്ളത്. എന്നാൽ തൊട്ടുകൂടായ്‌മയല്ല ശബരിമല വിധിയുടെ കേന്ദ്രബിന്ദു. തന്ത്രിയുടെ വാദത്തിൽ വ്യഖ്യാനമാണ് ഉള്ളത്. അത് പുനപരിശോധനയ്ക്ക് കാരണമല്ല. അദ്ദേഹം ആചാര വിഷയത്തിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയാണ്. പ്രത്യേക ഗണത്തിൽ പെട്ടതാണ് ക്ഷേത്രമെങ്കിൽ മാത്രമേ അനിവാര്യമായ ആചാരം നിനിൽക്കൂ. അത് ആരും വാദിച്ചു കണ്ടില്ലെന്നും ജയ്‌ദീപ് ഗുപ്‌ത ഗുപ്‌ത ചൂണ്ടിക്കാട്ടി. സ്ത്രീകളെ വിലക്കുന്നത് ഹിന്ദു മത ആചാരമല്ല, പിന്നെ എങ്ങനെ ശബരിമല വിധി പുനപരിശോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ഓരോ ക്ഷേത്രങ്ങളിലെയും ആചാരങ്ങൾ പ്രത്യേക സവിശേഷ ആചാരമാണെന്നും അവിടുത്തെ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കുകയും ചെയ്താൽ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളെയും അവിടുത്തെ ഭക്തരെയും പ്രത്യേക വിഭാഗമായി പ്രഖ്യാപിക്കേണ്ടിവരും. ഇത് പ്രായോഗികമല്ല. ഇത് ഒരു പൊതു നിയമ വിഷയമാണ്. പൊതു ക്ഷേത്രമാണ് ശബരിമല. ഭരണഘടനയ്ക്ക് ഇണങ്ങാത്ത ആചാരം നിലനിൽക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരത്തിന് മുറിവേറ്റു എന്നത് ഭരണഘടനയുടെ മുന്നിൽ പ്രായോഗികമല്ല. ശബരിമല വിഷയത്തിൽ ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.

വിശ്വാസത്തിന്റെ ഭാഗം

പ്രതിഷ്‌ഠയുടെ നൈഷ്‌‌ഠിക ബ്രഹ്മചാര്യം വിശ്വാസത്തിന്റെ ഭാഗമാണെന്ന് അയ്യപ്പസേവാ സമിതിക്ക് വേണ്ടി ഹാജരായ കൈലാസ് നാഥ് വാദിച്ചു.

സായ് ദീപക്

കേരളം നിയമം റൂൾ 3(ബി) പ്രകാരമല്ല നിലവിലെ സ്ത്രീവ്രേശന നിരോധനമുള്ളത്. മറിച്ച് മറ്റു രണ്ട് നോട്ടിഫിക്കേഷൻ പ്രകാരമാണെന്നു പന്തളം കൊട്ടാരത്തിന് വേണ്ടി ഹാജരായ സായി ദീപക്ക്‌ വാദിച്ചു.

എല്ലാവരെയും കേട്ടിട്ടില്ല

ആർത്തവവുമായി ബന്ധപ്പെട്ട ആചാരങ്ങൾ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണ്. ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മാത്രം ശരിയായില്ല.മറ്റ് ദേവസ്വം ബോർഡുകളുടെ വാദവും കേൾക്കണമെന്നും ഗോപാൽ ശങ്കരനാരായണൻ.ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള ആരാധനാലയങ്ങളിൽ വിവിധങ്ങളായ ലിംഗ വിവേചനം നിലനിൽക്കുന്നുണ്ട്. അവയെയെല്ലാം സെപ്‌തംബർ 28 ലെ വിധി ബാധിച്ചിട്ടുണ്ട് എന്നാൽ അവയൊന്നും കോടതി കേട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയ്യപ്പനെ സൂഫിസവുമായി ബന്ധപ്പെടുത്തിയത് തെറ്റ്

അയ്യപ്പന്മാർ വ്യത്യസ്തമായ മതങ്ങളുടെ ഭാഗമാണെന്നത് കൊണ്ട് അവർക്കു പ്രത്യേക ഡിനോമിനേഷൻ സ്‌റ്റാറ്റസ് നൽകാത്തത് ശരിയല്ലെന്ന് അഡ്വ പരാശരൻ. ശബരിമല വിശ്വാസത്തെ സൂഫിസവുമായി കൂട്ടിച്ചേർത്തത് തെറ്റ്. ബി.ജെ.പി നേതാവ് രാധാകൃഷണമേനോന് വേണ്ടിയാണ് മോഹൻ പരാശരൻ വാദിക്കുന്നത്.

വിശ്വാസത്തെ യുക്തി കൊണ്ട് അളക്കരുത്

ഒരാളുടെ വിശ്വാസം മറ്റൊരാളുടെ അന്ധവിശ്വാസമായി മാറാം. ഇത്തരം കാര്യങ്ങൾ യുക്തിക്ക് അനുസരിച്ച് ചിന്തിക്കാനാകില്ല. വിശ്വാസമെന്നത് വിശ്വാസമാണ്. അതു അനുവദിക്കാവുന്ന വിശ്വാസമാണോ അതോ അനുവദിക്കാനാകാത്ത വിശ്വാസമാണോ എന്നു വേർതിരിക്കാനാകില്ല. 1991ൽ കേരള ഹൈക്കോടതി വിധി ആചാരം മതപരമായി അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ചോദ്യംചെയ്യപ്പെട്ടില്ലാത്തതിനാൽ അന്തിമവിധിയായി കരുതിപ്പോന്നുവെന്നും വെങ്കിട്ടരാമൻ കോടതിയിൽ ചൂണ്ടിക്കാട്ടി.ഇന്ത്യയിൽ മാത്രമല്ല ആർത്തവവുമായി ബന്ധപ്പെട്ട വിശ്വാസം നിലനിൽക്കുന്നതെന്നും ഈജിപ്‌തിൽ ഉൾപ്പെടെ ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്.

വിശ്വാസിയാണെങ്കിൽ വിധി അംഗീകരിക്കണം

നിങ്ങളൊരു വിശ്വാസിയാണെങ്കിൽ അതിനെ അംഗീകരിക്കണം. അതിനെ ചോദ്യം ചെയ്‌ത് കൊണ്ട് വിശ്വാസിയെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ വെങ്കിട്ടരമണി ആവശ്യപ്പെട്ടു. ഇതൊരു സമ്പ്രദായമാണ് നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം അല്ലെങ്കിൽ അവിശ്വസിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നൂറ്റാണ്ടുകളായുള്ള ആചാരം

ശബരിമലയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാരമാണ് ഇപ്പോൾ റദ്ദാക്കിയതെന്ന് ബ്രാഹ്മണസഭയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശേഖർ നാഫഡെ വാദിച്ചു. ഇത് പൊതുസമൂഹ നിയമത്തിന്റെ ഭാഗമായുള്ളതല്ല. ഒരു പ്രത്യേക സമുദായത്തിന്റെ ആഭ്യന്തര കാര്യമാണ്. ഇക്കാര്യം തീരുമാനിക്കേണ്ടത് ആ സമൂഹത്തിന്റെ ആളുകൾ തന്നെയാണ്. അല്ലാതെ കുറച്ച് ആക്‌ടിവിസ്‌റ്റുകൾ അല്ല ഇക്കാര്യം തീരുമാനിക്കേണ്ടത്. സതി പോലുള്ള ഒരു ആചാരം ക്രിമിനൽ നിയമ പ്രകാരം നിരോധിക്കുമ്പോഴല്ലാതെ കോടതികൾക്ക് ആചാരങ്ങളിൽ ഇടപെടാൻ സാധിക്കില്ല. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളോട് ഒരു വിശ്വാസം വച്ച് പുലർത്തരുതെന്ന് പറയാൻ കോടതികൾക്ക് അധികാരമില്ല. നിരവധി പേർ ദൈവത്തിൽ വിശ്വാസിക്കുന്നു. പ്രശസ്‌ത ശാസ്ത്രജ്ഞനായിരുന്ന സ്‌റ്റീഫൻ ഹോക്കിംഗ്‌സാകട്ടെ ദൈവത്തിൽ വിശ്വാസിക്കുന്നുമില്ല. ഒരാളോട് എന്തെങ്കിലും കാര്യത്തിൽ വിശ്വസിക്കരുതെന്നോ വിശ്വസിക്കണമെന്നോ നിർദ്ദേശിക്കാൻ കോടതിയ്‌ക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടയിൽ തിരുവിതാംകൂർ ഹിന്ദുമതാചാര നിയമത്തിന്റെ പകർപ്പ് വേണമെന്ന് ജസ്‌റ്റിസ് ഇന്ദു മൽഹോത്ര ആവശ്യപ്പെട്ടു. ഇക്കാര്യം നൽകാമെന്ന് അറിയിച്ചു കൊണ്ടാണ് നാഫഡെ തന്റെ വാദം അവസാനിച്ചത്.

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയാണ് കോടതിയിൽ ഹാജരായത്. എന്നാൽ അദ്ദേഹം നേരത്തെ ദേവസ്വം ബോർ‌ഡിന് വേണ്ടി ഹാജരായതാണെന്നും ഇപ്പോൾ എതിർ വാദം ഉയർത്തുന്നത് ശരിയല്ലെന്നും ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ എതിർ വാദം ഉന്നയിച്ചു. എന്നാൽ താൻ ഒരു വ്യക്തിക്ക് വേണ്ടിയാണ് ഹാജരാകുന്നതെന്ന് പറഞ്ഞുകൊണ്ട് വാദം തുടങ്ങിയത്. യുവതികളെ വിലക്കുന്നത് ശബരിമലയിലെ പ്രതിഷ്‌ഠയുടെ സ്വഭാവത്തിന് അനുസരിച്ച് ചിട്ടപ്പെടുത്തിയതാണെന്ന് സിംഗ്‌വി . നൈഷ്ഠിക ബ്രഹ്മചാരിയെന്ന തത്വത്തിലുള്ള ഒരേയൊരു ക്ഷേത്രമാണ് ശബരിമല. ജസ്റ്റിസുമാരായ ഇന്ദു മൽഹോത്രയും ഡി.വൈ.ചന്ദ്രചൂഡും മാത്രമേ ഇക്കാര്യം വിധി പ്രസ്താവത്തിൽ കണക്കിലെടുത്തിരുന്നുള്ളൂവെന്നും സിംഗ്‌വി ചൂണ്ടിക്കാട്ടി.

നൈഷ്ഠിക ബ്രഹ്മചാരി എന്ന ശബരിമല മൂർത്തിയുടെ പ്രത്യേകത ശബരിമല കേസിലെ വിധിയിൽ പരിഗണിച്ചിട്ടില്ല അതാണ് റിവ്യൂനായുള്ള തന്റെ പ്രധാന വാദമെന്നും അദ്ദേഹം പറഞ്ഞു.ആർട്ടിക്കിൾ 17 ലെ അയിത്തത്തിനുള്ള നിരോധനം എന്നത് ജാതിയപരമായും, മതപരമായും ഉള്ള അയിത്തമാണെന്നും ശബരിമലയിൽ അത്തരമൊന്ന് നിലനിൽക്കുന്നില്ലെന്നും സിംഗ്‌വി ചൂണ്ടിക്കാട്ടി. ശബരിമലയിൽ സവിശേഷമായ ആവിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദു മതത്തിൽ ആരാധനകൾ നടത്തുന്നത്. ദേവാരു കേസിൽ ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കിയതാണ്. വിശ്വാസികൾ ദൈവത്തെ ആരാധിക്കുന്നത് പ്രത്യേക രൂപഭാവത്തിലാണ്. ഭരണഘടനാ സദാചാരമെന്നത് ആർട്ടിക്കിൾ 25, 26 എന്നിവ കണക്കാക്കിയുള്ളതാണെന്നും സിംഗ്‌വി പറഞ്ഞു.

യുവതികൾ കയറിയാൽ ബ്രഹ്മചാര്യം ഇല്ലാതാകും

ശബരിമലയിലെ പ്രതിഷ്‌ഠയുടെ പ്രത്യേകത പരിഗണിച്ചാണ് അവിടെ യുവതീ പ്രവേശനം അനുവദിക്കാത്തതെന്ന് പറഞ്ഞുകൊണ്ടാണ് കൊണ്ടാണ് തന്ത്രി കണ്‌ടരര് രാജീവരർക്ക് വേണ്ടി ഹാജരായ അഡ്വ.വി.ഗിരി കോടതിയിൽ വാദം തുടങ്ങിയത്. നൈഷ്‌ഠിക ബ്രഹ്മചാരി എന്ന പ്രത്യേകതയാണ് അവിടുത്തെ പ്രതിഷ്ഠയ്‌ക്കുള്ളത്. യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ പ്രതിഷ്‌ഠയുടെ ബ്രഹ്മചാര്യം ഇല്ലാതാകും. ആരാധന നടത്താൻ ഭരണഘടന പൗരന് നൽകുന്ന അവകാശം പ്രതിഷ്‌ഠയ്‌ക്കും ബാധകമാക്കണം. ശബരിമല തന്ത്രിക്കും അവിടെ പ്രത്യേക അവകാശങ്ങളുണ്ട്. അയിത്തവുമായി സ്ത്രീ പ്രവേശനത്തിന് യാതൊരു ബന്ധവുമില്ല. ശബരിമലയിൽ യുവതീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ എത്തിയവർ ആരും ക്ഷേത്ര വിശ്വാസികളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനപ്പെട്ട വിഷയങ്ങൾ പരിഗണിച്ചില്ല

പ്രധാനപ്പെട്ട വിഷയങ്ങൾ പരിഗണിക്കാതെയാണ് ശബരിമലയിലെ വിധി പുറപ്പെടുവിച്ചതെന്ന് എൻ.എസ്.എസിന് വേണ്ടി ഹാജരായ കെ.പരാശരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.വിധിയിൽ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടു. അതുകൊണ്ട് തന്നെ സുപ്രീം കോടതിയുടെ വിധി തെറ്റാണെന്നും അദ്ദേഹം വാദിച്ചു. പൊതുസ്ഥലങ്ങളിൽ എല്ലാവർക്കും പ്രവേശിക്കാനുള്ള അവകാശങ്ങളുണ്ടെന്ന ഭരണഘടയിലെ 15ആം അനുച്ഛേദം മതസ്ഥാപനങ്ങൾക്ക് ബാധകമല്ലെന്നും പരാശരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ റിവ്യൂ എന്ന കാര്യത്തിൽ മാത്രം മതിയെന്നായിരുന്നു ഇക്കാര്യത്തിൽ കോടതിയുടെ മറുപടി. വിധി എന്തുകൊണ്ട് പുനപരിശോധിക്കണെന്നും കോടതി ചോദിച്ചു.

ആരാധനാലയങ്ങൾ പൊതുസ്ഥലങ്ങൾ അല്ലെന്ന വാദത്തിൽ തന്നെ പരാശരൻ ഉറച്ച് നിന്നു. എന്നാൽ ഭരണഘടനയിലെ ആർട്ടിക്കിൾ 15 (2) പ്രകാരമാണ് താൻ യുവതീ പ്രവേശന വിധി നടത്തിയതെന്ന് ഇക്കാര്യത്തിൽ ജസ്‌റ്റിസ് രോഹിന്റൺ നരിമാൻ വ്യക്തമാക്കി.തൊട്ടുകൂടായ്‌മ അനുവദിക്കാനാവില്ലെന്നും നരിമാൻ പറഞ്ഞു. എന്നാൽ ആചാരത്തിന്റെ ഭാഗമായാണ് ശബരിമലയിൽ യുവതീ പ്രവേശനം വിലക്കുന്നതെന്നും ഇക്കാര്യത്തിൽ തൊട്ടുകൂടായ്‌മ വരില്ലെന്നും പരാശരൻ ചൂണ്ടിക്കാണിച്ചു. വിശ്വാസങ്ങളിലെ യുക്തിയിൽ കോടതി ഇടപെടരുതെന്നും ഇവ രണ്ടും കൂട്ടികുഴയ്‌ക്കരുതെന്നും ബിജോയി ഇമ്മാനുവേൽ കേസ് ചൂണ്ടിക്കാട്ടി അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല കേസിലെ വിധി മറ്റ് മതങ്ങൾക്കും ബാധകമാകും. ക്ഷേത്രാചാരങ്ങൾ റദ്ദാക്കിയത് തെറ്റ്. മതസ്ഥാപനങ്ങളെ പൊതുസ്ഥലങ്ങളാക്കാനുള്ള മൂന്ന് ഭരണഘടനാ ഭേദഗതികളാണ് പരാജയപ്പെട്ടത്. ശബരിമലയിലെ പ്രതിഷ്‌ഠ നൈഷ്‌ഠിക ബ്രഹ്മചാരിയായതിനാലാണ് അവിടെ യുവതികൾക്ക് പ്രവേശനം അനുവദിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.