താപ്പൽ: രക്തസാക്ഷി ദിനത്തിൽ ഗാന്ധിവധം പുനരാവിഷ്കരിച്ച ഹിന്ദുമഹാസഭ നേതാവ് പൂജാ പാണ്ഡെയെയും ഭർത്താവിനെയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിർത്ത് ആഘോഷിച്ച കേസിലാണ് ഒളിവിൽ പോയ പൂജ പാണ്ഡെയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ താപ്പലിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
ഗാന്ധിയുടെ കോലത്തിലേക്ക് തോക്കുപയോഗിച്ച് വെടിയുതിർക്കുകയും തുടർന്ന് ഗാന്ധിയുടെ പ്രതിരൂപത്തിൽ നിന്ന് രക്തം വരുന്നുവെന്ന രീതിയിൽ ചുവന്ന ചായം താഴേക്ക് ഒഴുകുകയും ചെയ്യുന്നത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ശേഷം ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമയിൽ പൂജ പാണ്ഡെ മാല അണിയിക്കുകയും പിന്നാലെ മധുരം പങ്കിടുകയും ചെയ്തിരുന്നു.
ഗാന്ധി വധം പുനഃസൃഷ്ടിച്ചതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഹിന്ദുമഹാസഭ തന്നെയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെയാണ് ഉത്തർപ്രദേശ് പൊലീസ് ക്രിമിനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന മൂന്നു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാസഭ 'ശൗര്യ ദിവസ്' എന്ന പേരിലാണ് ആചരിക്കുന്നത്. അന്നേദിവസം പ്രവർത്തകർ മധുരം വിതരണം ചെയ്യുകയും ഗോഡ്‌സെ പ്രതിമയിൽ മാല അണിയിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത്തരത്തിൽ ഹിന്ദുമഹാസഭ നിരവധി തവണ ജനങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിച്ചിരുന്നു.
എന്നാൽ ഇത്തവണ ഗാന്ധിവധം പുനരാവിഷ്‌കരിച്ചുകൊണ്ടായിരിക്കും രക്തസാക്ഷി ദിനം ആചരിക്കുന്നത് എന്ന് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ പാണ്ഡെ നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വ്യക്തിയായി രാജ്യം ഗാന്ധിജിയെ ഓർക്കുമ്പോൾ ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായാണ് ഹിന്ദുമഹാസഭ അദ്ദേഹത്തെ കാണുന്നത്.