കൊച്ചി: ബാങ്കിംങ് മേഖലയിൽ വൻ തട്ടിപ്പുകളാണ് ഇന്ന് നടക്കുന്നത്. ഓൺലെെൻ തട്ടിപ്പുകളിൽ ബാങ്കുകൾക്ക് ഇനി കയ്യൊഴിയാനാകില്ല. ഇലക്ട്രോണിക് ബാങ്കിംങ് യുഗത്തിൽ ഉപഭോക്താവിന് പണനഷ്ടമുണ്ടാക്കുന്ന തട്ടിപ്പുകൾക്കെതിരെ സുരക്ഷിത സാങ്കേതിക സാഹചര്യങ്ങളൊരുക്കാൻ ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്ന് ഹെെക്കോടതി വ്യക്തമാക്കി. അക്കൗണ്ട് ഉടമയുടെ അംഗീകാരമില്ലാതെ തട്ടിപ്പ് ഇടപാടുകളിലൂടെ പണ നഷ്ടമുണ്ടായാൽ ബാധ്യത ബാങ്കിനാണ്. അക്കൗണ്ട് ഉടമ എസ്.എം.എസ് അറിയിപ്പിനോട് പ്രതികരിച്ചില്ലെന്ന് പറഞ്ഞ് ബാധ്യതയിൽ നിന്ന് ഒഴിവാകാനാവില്ലെന്നും കോടതി പറഞ്ഞു.
തന്റെ അറിവില്ലാതെ അക്കൗണ്ടിൽ നിന്ന് 2,40,910 രൂപ പിൻവലിച്ചതിന് ബാങ്കിന് ബാധ്യത ആരോപിച്ച് ബ്രസീലിൽ ഉദ്യോഗസ്ഥനായ എൻ.എ.ആർ.ഐ അക്കൗണ്ട് ഉടമ പാലാ സ്വദേശി പി.വി ജോർജ് മുൻസിഫ് കോടതിയിൽ തുടങ്ങിയ നിയമപോരാട്ടമാണ് സബ് കോടതിയും കടന്ന് ഹെെക്കോടതിയിലെത്തിയത്. പാലാ സബ്കോടതി അക്കൗണ്ട് ഉടമയ്‌ക്ക് അനുകൂലമായി വിധി നൽകിയതിനെതിരെ എസ്.ബി.ഐ ചീഫ് മാനേജർ നൽകിയ അപ്പീൽ ജസ്റ്റിസ് പി.ബി സുരേഷ് കുമാർ തള്ളി. കേസിന്റെ തുടക്കം ഇങ്ങനെയാണ്. അക്കൗണ്ട് ഉടമ നാട്ടിലിരിക്കെ 2012 മാർച്ച് 22നും മാർച്ച് 26നുമിടയിൽ ബ്രസീലിലെ പല സ്ഥലങ്ങളിൽ നിന്ന് 14 തവണകളിലായി 2,40,910 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ടു.
സമാന കാലയളവിൽ, അക്കൗണ്ട് ഉടമ നാട്ടിൽ നാട്ടിൽ നിന്ന് എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചിട്ടുണ്ട്. അനധികൃത പണമിടപാട് ശ്രദ്ധയിൽപ്പെട്ട ഉടൻ ബാങ്കിനെ വിവരമറിയിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. സംഭവം കോടതിയിലെത്തിയപ്പോൾ, ഹർജിക്കാരന്റെ അറിവില്ലാതെ പണം പിൻവലിക്കാനാവില്ലെന്നും പണം നഷ്ടപ്പെട്ടതിന് ബാങ്ക് ഉത്തരവാദിയല്ലെന്നും ബാങ്ക് അധികൃതർ വാദിച്ചു. രാജ്യാന്തര തട്ടിപ്പുകാർ വിദേശത്തെ എ.ടി.എം കൗണ്ടറുകളിൽ നിന്നും പണം പിൻവലിച്ചതിന് ബാങ്കിന് ബാധ്യതയില്ലെന്നും അക്കൗണ്ട് ഉടമ എസ്.എം.എസ് അറിയിപ്പിനോട് യഥാ സമയം പ്രതികരിച്ചില്ലെന്നും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം പിൻവലിക്കുന്നത് തടയാൻവേണ്ട നടപടിക്ക് ബാങ്കിന് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. ഉപയോക്താക്കൾക്കു നൽകുന്ന സേവനങ്ങളിൽ ഇടപാടുകാരുടെ താൽപര്യം സംരക്ഷിക്കാൻ ന്യായമായ ശ്രദ്ധ പുലർത്തണം. എസ്.എം.എസ് അറിയിപ്പിനോട് പ്രതികരിച്ചില്ലെങ്കിൽ ബാങ്ക് ഉത്തരവാദിയല്ലെന്ന് കരാറിൽ വ്യവസ്ഥയില്ലാത്ത നിലയ്ക്ക് എസ്.എം.എസ് അറിയിപ്പിനോട് പ്രതികരിച്ചില്ലെന്ന് പറഞ്ഞ് ഉപയോക്താവിനെ ബാധ്യതപ്പെടുത്താനാവില്ലെന്ന് കോടതി പറഞ്ഞു. എസ്.എം.എസ് അറിയിപ്പുകൾ ശ്രദ്ധിക്കാത്തവരും മൊബെെൽ റേഞ്ച് ഇല്ലാത്തത്മൂലം യഥാസമയം അറിയിപ്പുകൾ ലഭിക്കാത്തവരുമുണ്ടാകാം. ബാങ്ക് നൽകുന്ന വിവിധ സേവനങ്ങളിലൊന്ന് മാത്രമാണ് എസ്.എം.എസ് അറിയിപ്പ്. ആവശ്യപ്പെടാത്തവർക്കും ഇത്തരം സേവനങ്ങൾ നൽകാറുണ്ട്.