book

ലണ്ടൻ: ലോകമറിയാതെ ബ്രിട്ടീഷ് ലൈബ്രറി രഹസ്യമായി സൂക്ഷിച്ച 'പ്രൈവറ്റ് കേസ്' എന്ന വിഭാഗത്തിലെ അശ്ലീല രേഖകൾ പുറം ലോകം കാണാൻ പോവുകയാണ്. വർഷങ്ങളായി ലൈബ്രേറിയുടെ പ്രത്യേക ഷെൽഫിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന പുസ്തകങ്ങളാണ് വീണ്ടും ലോകത്തിന് മുന്നിലെത്താൻ പോകുന്നത്. ഇനി ഓൺലൈൻ വഴി പ്രസിദ്ധീകരിക്കാനാണ് ബ്രിട്ടീഷ് ലൈബ്രറിയുടെ തീരുമാനം. ലൈംഗികതയെ സംബന്ധിക്കുന്ന പുസ്തകങ്ങളുടെ ആർക്കൈവുകളിൽ ഇനി പ്രൈവറ്റ് കേസ് എല്ലാവർക്കും വായിക്കാൻ സാധിക്കും.

1658മുതൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണിവ. അശ്ലീലമാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് മുദ്രകുത്തിയതോടെയാണ് ഇവ നിർത്തലാക്കിയത്. കാലം മാറുന്നതനുസരിച്ച് ജനങ്ങളുടെ ലൈംഗിക ചിന്തളും കാഴ്ചപ്പാടുകളും മാറുമെന്നത് കൊണ്ട് ആർക്കും പ്രവേശിക്കാനാവാത്ത തരത്തിൽ 2500ലധികം വരുന്ന പുസ്തകങ്ങൾ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പുസ്തകങ്ങൾ പുറത്തിറക്കാൻ അനുയോജ്യമായ സമയമാണെന്ന് വ്യക്തമായതോടെയാണ് ലൈബ്രറി അധികൃതർ ഇവ വീണ്ടും പുറത്തിറക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കി.

സ്ത്രീശരീരത്തെ ഉഴുത് മറിക്കേണ്ട വിശാലഭൂമിയായി ഉപമിക്കുന്ന റോജർ ഫിയോക്യൂവലിന്റെ കൃതികൾ,​ സ്ത്രീകളെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന മനോഭാവത്തിന് പേര് കിട്ടിയ മാർകെയ്സ് ഡി സാഡെയുടെ ലൈംഗിക ഉന്മാദങ്ങൾ വിവരിക്കുന്ന കൃതികൾ,​ പര്യവേഷണം നടത്തിക്കഴിയാത്ത നിഗൂഢ ഭൂമിയായി സ്ത്രീ ശരീരത്തെ സൂക്ഷ്മമായി വിവരിക്കുന്ന കൃതികൾ,​ പ്രാദേശിക വേശ്യകളുടെ വിവരങ്ങളടങ്ങിയ ഡയറക്ർടറികൾ,​ സ്വവർഗാനുരാഗം പാപമായി കണ്ടിരുന്ന കാലത്ത് അതിനെ പ്രകീർത്തിച്ച് എഴുതിയ നിരവധി കുറിപ്പുകൾ,​ യുദ്ധകാലത്തെ ചില ഉദ്യോഗസ്ഥരുടെ ലൈംഗിക സങ്കൽപങ്ങൾ,​ ഭ്രമങ്ങൾ,​ ഓർമക്കുറിപ്പുകൾ അങ്ങനെ നിരവധി ഘടകങ്ങളാണ് പുസ്തക ശേഖരത്തിൽ ഉൾപ്പെടുന്നത്.

1960മുതൽ ചെറിയ ഭാഗങ്ങളായി ഇവ പരസ്യപ്പെടുത്തിയെങ്കിലും ഇപ്പോഴാണ് വലിയൊരു കൂട്ടം വായനക്കാരെ ലക്ഷ്യമിട്ട് പ്രസിദ്ധീകരിക്കാൻ തീരുനമാനിച്ചത്. ഉടൻ തന്നെ പുസ്തകം ഓൺലൈൻ ആർക്കൈവുകളിൽ പ്രത്യക്ഷമാക്കുമെന്നാണ് ലൈബ്രറി അധികൃതർ അറിയിച്ചിരിക്കുന്നത്.