murder

ഹൊസൻഗാബാദ്: സർക്കാർ ഡോക്ടർ സ്വന്തം ഡ്രൈവറെ കൊന്ന് 24കഷണങ്ങളാക്കി മുറിച്ച ശേഷം ആസിഡിൽ ഇട്ടു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഹൊസൻഗാബാദ് എന്ന പ്രദേശത്താണ് സംഭവം. ഡ്രൈവറായ ബീരു പച്ചൗരി(30)​യെയാണ് സർക്കാർ ഡോക്ടറായ സുനിൽ മന്ദ്രി(58)​ കൊലപ്പെടുത്തിയത്. ഡോക്ടറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി അന്വേഷണം നടത്തിയപ്പോഴാണ് ക്രൂരത ലോകമറിഞ്ഞത്. ഉടൻ തന്നെ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ..

2010മുതൽ ആനന്ദ് നഗറിലെ ഡോക്ടർ സുനിലിന്റെ വീടിന് സമീപം അദ്ദേഹത്തിന്റെ ഭാര്യയും ബീരുവിന്റെ ഭാര്യയും ചേർന്ന് ഒരു ബ്യൂട്ടി പാർലർ തുടങ്ങിയിരുന്നു. 2017ൽ സുനിലിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. ഡോക്ടറുടെ മക്കൾ രണ്ടുപേരും ജോലി സംബന്ധമായി മുംബയിലാണ് താമസിക്കുന്നത്. ഭാര്യയുടെ മരണത്തെ തുടർന്ന് ബീരുവിന്റെ ഭാര്യയാണ് പിന്നീട് പാർലറിന്റെ മേൽനോട്ടം നടത്തിയിരുന്നത്. വൈകാതെ ഡോക്ടറും ബീരുവിന്റെ ഭാര്യയും തമ്മിൽ അടുപ്പത്തിലാവുകയായിരുന്നു. ഇവരുടെ ബന്ധത്തിൽ സംശയം തോന്നിയ ബീരു പലതവണ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും പണം കൈപ്പറ്റുകയും ചെയ്തിരുന്നു.

സ്ത്രീയുമായി ബന്ധം തുടരണമെങ്കിൽ ബീരുവിനെ ഇല്ലാതാക്കണമെന്ന് ഡോക്ടർ തീരുമാനിക്കുകയായിരുന്നു. അതിന് മുന്നോടിയായി ബീരുവിനെ സ്വന്തം ഡ്രൈവറായി ഡോക്ടർ നിയമിച്ചത്. തിങ്കളാഴ്ചയാണ് ബീരുവിനെ ഡ്രൈവറായി നിയമിച്ചത്. തുടർന്ന് അന്നേ ദിവസം തന്നെ ഇരുപത് കിലോമീറ്റർ അകലെയുള്ള തന്റെ ആശുപത്രിയിൽ പോയിരന്നു. വൈകുന്നേരം തിരികെയെത്തിയപ്പോൾ തനിക്ക് കടുത്ത പല്ലുവേദനയാണെന്ന് ബീരു ഡോക്ടറോട് പറഞ്ഞു.

ആറുമാസമായി പൂട്ടിക്കിടക്കുന്ന ഫ്ലാറ്റിൽ ഈജിപ്ഷ്യൻ മമ്മിക്ക് സമാനമായ മൃതദേഹം കണ്ടെത്തി

ഇത് അവസരമായി കണ്ട് ഡോക്ടർ ബീരുവിനെ ചികിത്സിക്കാൻ തയ്യാറായി. തുടർന്ന് ഇയാൾ ഡ്രൈവർക്ക് അധിക ഡോസ് നൽകി ബോധം നശിപ്പിച്ചു. ബീരു മയക്കത്തിലായതോടെ ഡോക്ടർ ബീരുവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീട്ടിലുണ്ടായിരുന്ന വാൾ ഉപയോഗിച്ച് ബീരുവിന്റെ ശവശരീരം 24കഷണങ്ങളായി വെട്ടി മുറിക്കുകയും ചെയ്തു. വീട്ടിൽ നേരത്തേ തന്നെ വാങ്ങി സൂക്ഷിച്ചിരുന്ന ആസിഡിലേക്ക് ശരീരഭാഗങ്ങൾ നിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു ​- പൊലീസ് പറഞ്ഞു.

അയൽക്കാർ ഡോക്ടറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി അന്വേഷണം നടത്തിയപ്പോൾ ഡോക്ടറുടെ വസ്ത്രങ്ങളിൽ രക്തം കണ്ടത്തിയിരുന്നു. വീടു പരിശോധിച്ചപ്പോഴാണ് ആസിഡിൽ സൂക്ഷിച്ച നിലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ ഡോക്ടർ കുറ്റസമ്മതം നടത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.