rajisha-vijayan

സ്ത്രീകൾക്കെതിരെ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അതിക്രമങ്ങൾക്കു മുമ്പിൽ നിസ്സഹായരായി നിൽക്കുകയല്ല ഒരു സ്ത്രീ ചെയ്യേണ്ടതെന്നും ആ നിമിഷം പ്രതികരിക്കുകയാണ് വേണ്ടതെന്നും നടി രജിഷ വിജയൻ. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ബസ്സിൽ വച്ചുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഒരു ഓൺലൈൻ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിനിടയിലാണ് നടിയുടെ തുറന്നു പറച്ചിൽ.

നാട്ടിൽ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്ത് ഉണ്ടായ സംഭവമാണ്. വൈകുന്നേരം സ്‌കൂൾ വിട്ട് ബസിൽ വീട്ടിലേക്ക് പോയ്‌ക്കൊണ്ടിരിക്കയാണ്. സാധാരണ സ്‌കൂൾ വിടുന്ന സമയം ഊഹിക്കാമല്ലോ, എന്തായിരിക്കും ബസുകളിലെ തിരക്കെന്ന്? ഞാൻ കയറിയ ബസിൽ ഒരു കൊച്ചു പെൺകുട്ടി സ്ത്രീകൾ കയറുന്ന വാതിലിനടുത്തുള്ള കമ്പിമേൽ പിടിച്ചു നിൽക്കുന്നുണ്ട്.

മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായമേ കുട്ടിക്കുള്ളൂ. അടുത്ത് സ്ത്രീകളുടെ സീറ്റിൽ രണ്ടു ആന്റിമാർ ഇരിക്കുന്നു. ഞാൻ ഇപ്പുറത്ത് പിടിച്ചു നിൽക്കുന്നു. നല്ല തിരക്കാണ്. ആണുങ്ങളെല്ലാം പിറകിൽ. കിളിയുണ്ട് പടിമേൽ. ഞാൻ നോക്കുമ്പോൾ പേടിച്ചരണ്ട് നിൽക്കുകയാണ് പെൺകുട്ടി. എന്തു പറ്റിയെന്നാലോചിച്ചു നിൽക്കുമ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, പടിയിൽ നില്‍ക്കുന്ന കിളി കമ്പിക്കിടയിലൂടെ പെൺകുട്ടിയുടെ കാലിൽ തൊട്ടു കൊണ്ടിരിക്കുന്നു. പെൺകുട്ടി പ്രതികരിക്കാനാകാതെ പകച്ചു നിൽക്കുകയാണ്. ഞാൻ നോക്കിയപ്പോൾ ആന്റിമാർ പ്രതികരിക്കുന്നില്ല. അടുത്തു നിൽക്കുന്നവരൊക്കെ ഇതു കാണുന്നുണ്ടെങ്കിലും ആരും മിണ്ടുന്നില്ല. അവസാനം ഞാൻ പ്രതികരിച്ചു. ഒച്ച വച്ചു.

ഉടനെ അയാൾ കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്‌തോ എന്ന ഭാവത്തിൽ കണ്ണുരുട്ടാൻ തുടങ്ങി. പ്രതികരിച്ച എന്റെ നേരെയും അയാൾ തിരിഞ്ഞു. കയറി പിടിക്കാനൊക്കെ ശ്രമിച്ചപ്പോൾ ഒന്നു പൊട്ടിച്ചു. അടിച്ചു, ഞാനയാളെ. തെറ്റു കാണുമ്പോൾ പ്രതികരിക്കണമെന്നു തന്നെയാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. പിന്നെ ആളുകൾ കൂടി. ബസ് നിറുത്തി. കിളിയെ ഇറക്കിവിട്ടു. വീണ്ടും മുമ്പോട്ടു പോയി. കുറച്ചു സ്റ്റോപ്പുകൾ കൂടി പിന്നിട്ടപ്പോൾ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. അവിടെ കാത്തുനിന്നിരുന്ന കുട്ടിയുടെ അമ്മയോട് ഞാൻ പറഞ്ഞു- മോളെ ഇനി ഇങ്ങനെ ഒറ്റക്കു വിടരുത്. ഒരു പക്ഷേ അത്രയും ആളുകൾ കൂടെയുണ്ടെന്ന തോന്നലാകാം പെട്ടെന്ന പ്രതികരിക്കാനെന്നെ പ്രേരിപ്പിച്ചത്. നമ്മൾ നമ്മളെത്തന്നെ ആ സ്ഥാനത്ത് കണ്ടാൽ പ്രതികരിക്കാതിരിക്കാൻ തോന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്.