ന്യൂഡൽഹി: ക്ഷേത്ര പ്രവേശനം ഏറ്റവും വലിയ അവകാശമാണെന്നും ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കേണ്ടതില്ലെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിധി മാറ്റേണ്ടതില്ലെന്ന്സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ ജയ്‌ദീപ് ഗുപ്‌ത വാദിച്ചു. വിധിക്കെതിരായ പുനപരിശോധനാ ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് കോടതി ഗൗരവമായി തന്നെ എടുക്കുമെന്നാണ് നിയമ വൃത്തങ്ങൾ നൽകുന്ന സൂചന.റിവ്യൂ ഹർജ്ജി പരിഗണിക്കുന്ന ബെഞ്ചിലെ ഏതെങ്കിലും ജഡ്‌ജി ഹർജിക്കാരുടെ വാദത്തെ നിരാകരിച്ചാൽ ഹർജികൾ തള്ളപ്പെടും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ഹർജിയെ ശക്തമായി സ്വാധീനിക്കുമെന്നും സുപ്രീം കോടതിയിലെ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതിയുടെ മുൻ വിധിയെ തങ്ങൾ അനുകൂലിക്കുന്നു. പല വാദങ്ങളും കേട്ടില്ല എന്നത് പുനപരിശോധിക്കേണ്ടതിന് ന്യായമല്ല. കോടതി വിധിയിൽ തെറ്റുണ്ടെന്ന് സ്ഥാപിക്കാൻ ഇതുവരെ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ല. വിധി പുനപരിശോധിക്കാൻ വേണ്ടി ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നും ജയ്‌ദീപ് ഗുപ്‌ത ഗുപ്‌ത വാദിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയാണ് ശബരിമല വിധിക്ക് ആധാരമായിട്ടുള്ളത്. ഹർജിക്കാർ വാദിച്ചത് പോലെ തൊട്ടുകൂടായ്‌മയല്ല ശബരിമല വിധിയുടെ കേന്ദ്രബിന്ദു. തന്ത്രിയുടെ വാദത്തിൽ വ്യഖ്യാനമാണ് ഉള്ളത്. അത് പുനപരിശോധനയ്ക്ക് കാരണമല്ല. അദ്ദേഹം ആചാര വിഷയത്തിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയാണ്. പ്രത്യേക ഗണത്തിൽ പെട്ടതാണ് ക്ഷേത്രമെങ്കിൽ മാത്രമേ അനിവാര്യമായ ആചാരം നിനിൽക്കൂ. അത് ആരും വാദിച്ചു കണ്ടില്ലെന്നും ജയ്‌ദീപ് ഗുപ്‌ത ഗുപ്‌ത ചൂണ്ടിക്കാട്ടി. സ്ത്രീകളെ വിലക്കുന്നത് ഹിന്ദു മത ആചാരമല്ല, പിന്നെ എങ്ങനെ ശബരിമല വിധി പുനപരിശോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഓരോ ക്ഷേത്രങ്ങളിലെയും ആചാരങ്ങൾ പ്രത്യേക സവിശേഷ ആചാരമാണെന്നും അവിടുത്തെ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കുകയും ചെയ്താൽ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളെയും അവിടുത്തെ ഭക്തരെയും പ്രത്യേക വിഭാഗമായി പ്രഖ്യാപിക്കേണ്ടിവരും. ഇത് പ്രായോഗികമല്ല. ഇത് ഒരു പൊതു നിയമ വിഷയമാണ്. പൊതു ക്ഷേത്രമാണ് ശബരിമല. ഭരണഘടനയ്ക്ക് ഇണങ്ങാത്ത ആചാരം നിലനിൽക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരത്തിന് മുറിവേറ്റു എന്നത് ഭരണഘടനയുടെ മുന്നിൽ പ്രായോഗികമല്ല. ശബരിമല വിഷയത്തിൽ ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.