സംഗീതം കടലുപോലെ പരന്നുകിടക്കുന്ന വിസ്മയമാണ്. ആ വിസ്മയ ലോകത്തിന്റെ മറ്റൊരു തീരത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുകയാണ് 'സർവം താളമയം' എന്ന തന്റെ പുതിയ ചിത്രത്തിലൂടെ സംവിധായകൻ രാജീവ് മേനോൻ. പത്തൊൻപതു വർഷത്തെ ഇടവേളയെടുത്താണ് രാജീവ് തന്റെ മൂന്നാമത്തെ സംവിധാന സംരംഭവുമായി സിനിമാ സ്നേഹികൾക്ക് മുന്നിലെത്തുന്നത്. സംഗീത ലോകത്തെ ഏറ്റക്കുറച്ചിലുകളെ കുറിച്ച് പറഞ്ഞതിന് ചിലയിടങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയരുമ്പോൾ രാജീവ് മേനോനെന്ന സംവിധായകന്റെ മുഖത്തൊരു പുഞ്ചിരി ഉയരുന്നുണ്ട്. തന്റെ കണ്ടെത്തലുകൾ ശരിയായതിന്റെ പുഞ്ചിരി. രണ്ടു പതിറ്റാണ്ടിലേറെയായുള്ള സിനിമാ ജീവിതം തനിക്ക് സമ്മാനിച്ച തിരിച്ചറിവുകളെ കുറിച്ച് അദ്ദേഹം 'ഫ്ളാഷു"മായി സംസാരിക്കുന്നു:
വേർതിരിവ് നൽകിയ തിരിച്ചറിവ്
ഒരു പ്രശസ്ത സംഗീതജ്ഞന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സിനിമയുടെ ആദ്യ ത്രെഡ് കിട്ടിയത്. അവിടെ ഓടി നടന്ന് മൃദംഗം ശരിയാക്കുന്ന ജോൺസൺ എന്നെ വല്ലാതെ സ്വാധീനിച്ചു. സംഗീതജ്ഞർ പവിത്രമായി കരുതുന്ന വാദ്യോപകരണം നിർമ്മിക്കുന്നത് മറ്റൊരു വിഭാഗമാണെന്ന തിരിച്ചറിവ്. എന്നാൽ, അവരിൽ ആരും ഈ സംഗീത ലോകത്തേക്ക് വരുന്നുമില്ല. അവിടെ നിന്നാണ് സർവം താളമയം തുടങ്ങുന്നത്. ചിത്രത്തിന്റെ ഓരോ പുരോഗമനത്തിലും അതി സൂക്ഷ്മത പുലർത്തിയിരുന്നു. സംഗീതം അറിയുന്നവർ തന്നെ താരമാകണമെന്ന് ആഗ്രഹിച്ചു. അതിനായി ഓഡിഷൻ നടത്തി. നെടുമുടി വേണുവിനെ മാത്രമാണ് ഓഡിഷൻ നടത്താതെ തിരഞ്ഞെടുത്തത്. ചിത്രത്തിൽ ആദ്യമായി ലൈവ് സൗണ്ട് ഉപയോഗിച്ചു. ഡബിംഗ് വേണ്ടി വന്നില്ല. ആ പെർഫക്ഷനും സിനിമയിൽ കാണാനുണ്ട്. ചിത്രത്തിനു വേണ്ടി നായകനായ ജി.വി പ്രകാശ് കുറഞ്ഞ സമയം കൊണ്ട് മൃദംഗം വായിക്കാൻ പഠിച്ചു. 2017 ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങാനിരുന്നെങ്കിലും വേണു ചേട്ടന്റെ (നെടുമുടി വേണു) തിരക്കു കാരണം ഡിസംബറിലേക്ക് മാറ്റി. 2018 മാർച്ചിൽ ഷൂട്ടിംഗ് പൂർത്തിയാക്കി. ഈ വർഷം ഫെബ്രുവരിയിൽ സിനിമ തിയേറ്ററിലെത്തി.
പബ്ളിസിറ്റി പോര
തമിഴ്നാട്ടിൽ നിരൂപക, പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണിത്. കേരളത്തിൽ ആവശ്യത്തിന് പ്രചാരണം നൽകാതെ പ്രദർശനത്തിനെത്തിക്കുകയായിരുന്നു. വിതരണക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണിത്. സോഷ്യൽ മീഡിയ, നെറ്റ് ഫ്ളിക്സ് തുടങ്ങി ആയിരത്തെട്ട് അവസരങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ അവരെ തിയേറ്ററിലെത്തിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. അതിനിടെയാണ് ഇത്തരം ചില നെഗറ്റീവ് കാര്യങ്ങൾ.
നല്ല സിനിമകൾ വരട്ടെ
മലയാളത്തിലായാലും തമിഴിലായാലും ഒരുപാട് നല്ല സിനിമകൾ വരുന്നുണ്ട്. യുവതലമുറ പുതിയ രീതിയിൽ കഥ പറയാൻ ശ്രമിക്കുന്നുണ്ട്. അത്തരം നല്ല ചിന്തകളെയും സിനിമകളെയും ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്നു. വലിയ സംഭാഷണങ്ങളെഴുതി നീളൻ രംഗങ്ങളുള്ള പഴയ ശൈലികൾ മാറിയിട്ടുണ്ട്. ഇപ്പോൾ കൂടുതൽ റിയലിസ്റ്റിക്കായ ചിത്രീകരണവും സംഭാഷണവുമാണ്. ഒരു വർഷം ഇറങ്ങുന്നതിൽ തൊണ്ണൂറു ശതമാനം സിനിമയും പരാജയമാണ്. ബാക്കി പത്തുശതമാനത്തിൽ അഞ്ചെണ്ണം ശരാശരി വിജയിക്കും. രണ്ടെണ്ണം ഹിറ്റും മൂന്നെണ്ണം ബ്ളോക്ക് ബസ്റ്ററുമാകും. അതാണ് വർഷങ്ങളായുള്ള റേഷ്യോ.
അബദ്ധത്തിന് വേണ്ടി കാത്തിരിക്കുന്നപോലെ
ടെക്നോളജിയുടെ വികസനം എന്നും നല്ലതാണ്. പണ്ടൊക്കെ ഒരു വാർത്ത നൽകാൻ ഒരുങ്ങുമ്പോൾ അതിലെ തെറ്റും ശരിയും ചൂണ്ടിക്കാട്ടാൻ ആളുണ്ടായിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിൽ അത്തരമൊരു എഡിറ്റർ ഇല്ല. നല്ല വാർത്ത നൽകിയാലും റീ ട്വീറ്റ് ചെയ്യാൻ ആളുണ്ടാകില്ല. മനുഷ്യൻ അപകടത്തിനും അബദ്ധത്തിനും വേണ്ടി കാത്തിരിക്കുന്നപോലെ തോന്നും ഷെയർ ചെയ്യുന്ന പല വാർത്തകളും കണ്ടാൽ. ആ രീതിക്ക് മാറ്റം വരണം.
മലയാളത്തിൽ വരും
മികച്ച സബ്ജക്ട് ലഭിച്ചാൽ ഉറപ്പായും മലയാളത്തിൽ വരും. അതിനുള്ള കാത്തിരിപ്പിലാണ് ഞാനും. സിനിമയെടുക്കുന്നതും പ്രവർത്തിക്കുന്നതുമൊക്കെ തമിഴിലാണെങ്കിലും ഞാൻ ചിന്തിക്കുന്നത് ഇപ്പോഴും മലയാളത്തിൽ തന്നെയാണ്.