ക്ഷമയോടുകൂടി കാത്തിരിക്കാനും അവസരം വരുമ്പോൾ അത് മുതലാക്കാനും അറിയാവുന്ന രാഷ്ട്രീയ നേതാവാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ദീദി ഇന്ദ്രപ്രസ്ഥത്തിലെ പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ട് വഴികളൊരുക്കുകയായിരുന്നോ? 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ തൂത്തുവാരിയപ്പോൾ മുതൽ..
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പൂർവാധികം ശക്തിയോടെ മോദിയ്ക്കും ബി.ജെ.പിയ്ക്കുമെതിരെ സർവശക്തിയുമെടുത്ത് ചാടിവീഴുകയാണ് മമത. പൊതുശത്രുവിനെതിരായ പോരാട്ടത്തിൽ മമതയ്ക്കൊപ്പമുണ്ട് പഴയ ശത്രുതകൾ മറന്ന് പല പ്രതിപക്ഷ കക്ഷികളും. ബി.ജെ.പിക്കെതിരെ വാളെടുത്ത് പ്രതിപക്ഷ ഐക്യനിര ഉയർത്തി പ്രധാനമന്ത്രി കസേരയിലേക്ക് മമത നോട്ടമിടുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മമതയ്ക്ക് രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാകാൻ കൈവന്ന അസുലഭ അവസരമാണ് സി.ബി.ഐ വഴി കേന്ദ്രം ഇപ്പോൾ ബംഗാളിൽ കൊണ്ടുചെന്ന് കൊടുത്തത്. തിരഞ്ഞെടുപ്പിന് മുമ്പായി മമതയെ അടിക്കാൻ ബി.ജെ.പി വെട്ടിയ വടിയിപ്പോൾ മമത പിടിച്ചുവാങ്ങി വച്ചിരിക്കുകയാണ്. 2014ലും സമാനമായ രീതിയിൽ പൊതുതിരഞ്ഞെടുപ്പ് അടുത്തപ്പോൾ ശാരദാ ചിട്ടിത്തട്ടിപ്പ് കേസ് വലിയ വിവാദമായിരുന്നു. അന്ന് അത് തിരഞ്ഞെടുപ്പിൽ ബാധിക്കാതിരിക്കാനായിരുന്നു മമതയുടെ ശ്രമങ്ങളത്രയും. ഇപ്പോഴാകട്ടെ, ആക്രമണത്തിന് മുമ്പ് തന്നെ പ്രതിരോധം തീർത്തിരിക്കുകയാണ്.
തട്ടിപ്പുകേസുകളിൽ തൃണമൂൽ എം.പിമാരെ അറസ്റ്റ് ചെയ്തപ്പോൾപോലും മിതമായി മാത്രം പ്രതികരിച്ച മമത പൊലീസ് കമ്മീഷണർക്കുവേണ്ടി ധർണ കിടക്കുന്നു. യു.പി.എ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ശാരദ തട്ടിപ്പ് കേസിൽ ഊർജിത അന്വേഷണം വേണമെന്ന് പറഞ്ഞ് ഉറക്കമിളച്ച കോൺഗ്രസ് ഇന്ന് മമതയെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷത്തെ മറ്റ് പ്രമുഖരും നേരിട്ടും അല്ലാതെയും പിന്തുണയുമായി എത്തുന്നു. എല്ലാവരുടെയും ലക്ഷ്യം ഒന്നിച്ച് നിന്ന് തിരഞ്ഞെടുപ്പിൽ മോദിയെ വീഴ്ത്തുക എന്നതുതന്നെയാണ്.
മമതയുടെ റിഹേഴ്സലുകൾ
മമത എറിഞ്ഞ ചൂണ്ടകളിൽ സൂക്ഷിച്ച് നോക്കിയാലറിയാം, സി.ബി.ഐ അല്ല ലക്ഷ്യം. തനിക്ക് കീഴിൽ പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് നിറുത്തി കോൺഗ്രസിനെ പിന്നിലാക്കി ഡൽഹിയിലേക്കുള്ള ദൂരം കുറയ്ക്കുക എന്നതാണെന്ന്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ കഴിഞ്ഞമാസം നടന്ന യുണൈറ്റഡ് ഇന്ത്യാ റാലി ആ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ചവിട്ടുപടിയായിരുന്നു മമതയ്ക്ക്. പ്രതിപക്ഷത്തെ ഓരോരുത്തരെയായി മമത തന്റെ സഖ്യത്തിലേക്ക് അടുപ്പിക്കുകയാണ്. പ്രതിപക്ഷത്തെ നായകനോ നായികയോ ആരെന്ന് ഗണിച്ചുപറയാൻ ഈ നിമിഷംവരെയും ഒരു മുഖലക്ഷണക്കാരനും കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ!
പക്ഷേ, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ആ തന്ത്രം മനസിലായിക്കാണണം. അതുകൊണ്ടാണ് പ്രതിപക്ഷനിരയിലെ ഭിന്നതയൊഴിവാക്കാൻ കോൺഗ്രസിൽനിന്ന് രാഹുലെത്താതെ പകരം, മല്ലികാർജുൻ ഖാർഗെയും അഭിഷേക് സിംങ്വിയും മമതയുടെ മഹാറാലിയിൽ കൈകോർക്കാനെത്തിയത്. വിരുന്നുകാരിയായും വീട്ടുകാരിയായും ഒരുപോലെ തിളങ്ങിയ മമത മികച്ച സംഘാടക കൂടിയാണെന്നതിന്റെ ഉറച്ച ഉദാഹരണമായിരുന്നു ആ മഹാസഖ്യവേദി.
ഒരുപോലെ അറിയാം
ഒരുകാലത്ത് മമതയുടെ വലംകൈയായിരുന്ന മുകുൾ റോയ് ഇന്ന് ബി.ജെ.പി ക്യാമ്പിലാണ്. ശാരദാ തട്ടിപ്പിന്റെ ഉള്ളറകളെക്കുറിച്ച് റോയിയ്ക്കും അറിയാമെന്ന് മമതയ്ക്കും ബി.ജെ.പിയ്ക്കും ഒരുപോലെ അറിയാം. അതുതന്നെയാകണം ബി.ജെ.പിയുടെ പിടിവള്ളിയും മമതയുടെ പേടിയും.
ഇതാണ് അവർ
15ആം വയസിൽ സ്കൂളിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ വിദ്യാർത്ഥി നേതാവ്, മതിയായ ചികിത്സ കിട്ടാതെ തന്റെ 17ആമത്തെ വയസിൽ അച്ഛൻ മരിച്ച ബംഗാളി പെൺകുട്ടി. കവിതയെഴുത്തും ചിത്രമെഴുത്തും സ്വയം പഠിച്ച കലാകാരി, 300 ഓളം ചിത്രങ്ങൾ 9കോടിയോളം രൂപയ്ക്ക് വില്പന നടത്തിയ സ്ത്രീ. രാഷ്ട്രീയ പാരമ്പര്യങ്ങളോ സൈബർ പോരാളികളോ സ്വന്തമായി ഇല്ലാതിരുന്ന സ്ത്രീ. നിരന്തരം പോരാടിയും കലഹിച്ചും കയറിവന്നവർ. ഏഴുതവണ എം.പി, മൂന്നുതവണ കേന്ദ്രമന്ത്രി, രണ്ടുതവണ മുഖ്യമന്ത്രി... ഇതൊക്കെയാണ് പ്രധാനമന്ത്രിക്കസേര സ്വപ്നം കാണുന്ന ദീദി.