ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൽ ശ്രദ്ധാ കപൂറാണ് നായികയായി എത്തുന്നത്. അമോൽ ഗുപ്ത ഒരുക്കുന്ന ചിത്രത്തിനായി താൻ കാത്തിരിക്കുകയാണെന്ന് സൈന പറയുന്നു. സൈന എന്ന പേരിൽ തന്നെ ഒരുങ്ങുന്ന ചിത്രം മികച്ചതായിരിക്കുമെന്നും താരം ഉറപ്പു നൽകുന്നു. കാരണം, തിരക്കഥ അത്രയ്ക്കും മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
ശ്രദ്ധ കപൂർ ചിത്രത്തിനായി തയ്യാറെടുക്കുന്നത് ഞാൻ കണ്ടിരുന്നു. സിനിമ പൂർത്തിയാകാൻ കുറച്ചധികം സമയം എടുക്കുന്നുണ്ടെങ്കിലും അതെല്ലാം പെർഫക്ഷന് വേണ്ടിയാണെന്നും സൈന പറയുന്നു. കായികതാരങ്ങളുടെ ജീവിതം സിനിമയാകുമ്പോൾ അവരുടെ കഠിനാദ്ധ്വാനവും കഷ്ടപ്പാടും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന ജീവിതവുമൊക്കെ അതിലുണ്ടാകും. എല്ലാ കായികതാരങ്ങൾക്കും അദ്ഭുതകരമായ ഒരു ജീവിതകഥയുണ്ടാകും. കായികതാരത്തിന്റെ ജീവിതം പറയുന്ന സിനിമകൾ ഞാനും കാണാറുണ്ട്. കാരണം നമ്മളെ അത് പ്രചോദിപ്പിക്കും. എന്റെ കഥയും സിനിമയായി കാണുന്നത് പ്രേക്ഷകർ ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നതായും സൈന പറഞ്ഞു.