ന്യൂഡൽഹി: സിനിമാതാരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയുമൊക്കെ അപരന്മാർ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നടിയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മയുടെ അപരയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിലെ പുതിയ വൈറൽ. അമേരിക്കൻ ഗായിക ജൂലിയ മൈക്കിൾസുമായി അനുഷ്കയ്ക്ക് ഏറെ സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇത് തെളിയിക്കാനായി ഇരുവരുടെയും ചിത്രങ്ങളും പോസ്റ്റുചെയ്തിട്ടുണ്ട്.
ജൂലിയ സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്ത സ്വന്തം ചിത്രം കണ്ട അനുഷ്ക ആരാധകരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ .മുടിയുടെ കറുപ്പുനിറം മാറ്റിയാൽ അനുഷ്കയും ജൂലിയയെപ്പോലിരിക്കും എന്നാണ് അവർ പറയുന്നത്. അനുഷ്കയെക്കാൾ ജൂലിയക്കാണ് അനുഷ്കയുടെ ഛായ എന്നുവരെ ചിലർ കണ്ടുപിടിച്ചുകഴിഞ്ഞു. ശരീരഘടനയുടെ കാര്യത്തിലും രണ്ടുപേരും ഒരുപോലെയാണത്രേ.
ജൂലിയയുടെ ചിത്രവുമായി വിരാടിനെയും അനുഷ്കയെയും പലരും ടാഗും ചെയ്തിട്ടുണ്ട്. ജൂലിയയുടെ ചിത്രം കണ്ട് കണ്ണ് തള്ളിയിരിക്കുന്ന കോഹ് ലിയുടെ ചിത്രങ്ങളും വൈറലാണ്.ആരാധകരുടെ കണ്ടുപിടിത്തം അനുഷ്കയും കൊഹ്ലിയും അറിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഏറെ ആരാധകരുള്ള ഗായികയാണ് ഇരുപത്തഞ്ചുകാരി ജൂലിയ. ഗാനരചയിതാവും കൂടിയാണ് അവർ. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.