സി.ഐ അരവിന്ദാക്ഷന്റെ മുഖത്ത് ക്രൂരമായ ഒരു ചിരിമിന്നി.
അയാൾ കോൺസ്റ്റബിൾ സുരേഷിനെ നോക്കി.
സുരേഷ് ഒരു വെള്ളപേപ്പർ റൈറ്റിംഗ് പാഡിന് മുകളിൽവച്ച് അതിന് മീതെ ഒരു പേനയും ഇട്ടു. പിന്നെ ശിവദാസനു നേർക്ക് നീട്ടി.
പാരവശ്യത്തോടെ ശിവദാസൻ പേപ്പറിന് താഴെ ഒപ്പിട്ടു.
അട്ടകൾ അയാളുടെ ബനിയനുള്ളിൽ ഇഴഞ്ഞുകൊണ്ടിരുന്നു.
* * * *
ആറന്മുള.
സത്രക്കടവിൽ കുളിക്കാൻ എത്തിയ സ്ത്രീകളാണ് ആദ്യം അത് കണ്ടത്.
പഴുത്തുവീർത്ത ഒരു ശവശരീരം ഒഴുകിവരുന്നു.
സ്ത്രീകൾ ഒാടി കരയ്ക്കുകയറി.
കാറ്റിന്റെ വേഗത്തിൽ വാർത്തപരന്നു.
അറിഞ്ഞവർ സംഭവസ്ഥലത്തേക്കോടി.
അപ്പോഴേക്കും ശവശരീരം താഴേക്ക് പോയിരുന്നു.
അപ്പോൾ ഒാടിക്കൂടിയവർ കൈ ചൂണ്ടി.
'അതാ മറ്റൊരെണ്ണംകൂടി"
'ങ് ഹേ?"
ജനങ്ങൾ ഞെട്ടി.
ആരോ ആറന്മുള പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു. സി.ഐയും എസ്.ഐയും അടങ്ങുന്ന സംഘം പാഞ്ഞെത്തി.
അപ്പോൾ അവർ കണ്ടു. മൂന്നാമത് ഒരു മൃതദേഹംകൂടി.
മീഡിയക്കാർ അവിടേക്ക് പാഞ്ഞുവരുന്നുണ്ടായിരുന്നു.
എന്നാൽ വാർത്തയറിഞ്ഞതേ പിങ്ക് പൊലീസ് എസ്.ഐ വിജയയ്ക്ക് മനസിലായി ആ ശവശരീരങ്ങൾ ആരുടേതാണെന്ന്.
അവർ ഉടൻതന്നെ 'റെഡ്" ഗ്രൂപ്പിൽ പെട്ടവർക്ക് മെസേജ് നൽകി.
'അപ്പോൾ ജാതിത്തോട്ടം കാവൽക്കാരൻ നടരാജൻ ബുദ്ധിപൂർവം പ്രവർത്തിച്ചു."
എസ്.ഐ ബഞ്ചമിൻ മറ്റുള്ളവരോട് പറഞ്ഞു.
'ശവശരീരങ്ങൾ ആറ്റിലെറിഞ്ഞ് അയാൾ തന്റെ ഭാഗം രക്ഷപ്പെടുത്തി."
ബിന്ദുലാലും ആർജവും ഉദേഷ് കുമാറും വിഷ്ണുദാസും അത് ശരിവച്ചു.
ആ സമയം പത്തനംതിട്ടയിൽ..
മുൻ ആഭ്യന്തരമന്ത്രി രാജസേനന്റെ വീട്ടിൽ.
കട്ടിൽ കാലുകൾക്ക് അടിയിൽ അമർത്തിവച്ചിരുന്ന പഴവങ്ങാടി ചന്ദ്രന്റെ കൈപ്പത്തികളും നീരുവന്ന് വീർത്തിരുന്നു.
കൈപ്പത്തികൾക്കുള്ളിലേക്ക് കട്ടിൽ കാലുകൾ പുതഞ്ഞിറങ്ങിയ അവസ്ഥയായിരുന്നു.
നിലവിളിക്കാനുള്ള ചന്ദ്രന്റെ ശേഷിപോലും നഷ്ടപ്പെട്ടുതുടങ്ങി.
വല്ലപ്പോഴും മുറിയിലെത്തുന്ന വിക്രമനും സാദിഖിനും തോന്നിയാൽ മാത്രം ചന്ദ്രന്റെ വായിലേക്ക് കുറച്ചുവെള്ളം ഒഴിച്ചുകൊടുത്തെങ്കിലായി.
'നിങ്ങൾക്ക് എന്നെയൊന്നു കൊന്നുതരാമോ?"
അവസാനം സഹിക്കെട്ട് പഴവങ്ങാടി ചന്ദ്രൻ ചുണ്ടനക്കി.
തീർച്ചയായും അങ്ങനെതന്നെ ചെയ്തിരിക്കും ചന്ദ്രാ. പക്ഷേ അതിന് മുൻപ്, നിന്റെ ജാതകത്തിൽ കുറെക്കൂടി അനുഭവിക്കാനുണ്ടെന്ന് എഴുതിവച്ചിട്ടുണ്ടെങ്കിൽ അനുഭവിച്ചല്ലേ പറ്റൂ?
ചന്ദ്രൻ കണ്ണുകൾ ഇറുക്കിയടച്ചു. എങ്കിലും പോളകളെ പിളർത്തിക്കൊണ്ട് രണ്ടുതുള്ളികൾ താഴേക്കിറ്റു.
ഉച്ചയ്ക്കുശേഷം ആറന്മുള പമ്പാനദിയിൽ നിന്നുലഭിച്ച മൃതദേഹങ്ങൾ പൊലീസ് തിരിച്ചറിഞ്ഞു.
എല്ലാവരും കുറ്റവാളികളുടെ ലിസ്റ്റിൽ ഉള്ളവർ.
അവരുടെ പേരുകൾ പറഞ്ഞ കൂട്ടത്തിൽ 'ഗ്രിഗറി" എന്നത് ടിവിയിലൂടെ കേട്ട് സ്പാനർ മൂസ.
തന്റെ റൂമിൽ ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു അയാൾ.
മുഖ്യമന്ത്രിയുടെ പി.എ ഒരു വിദേശ യുവതിയെ കൊന്നുവെന്ന വാർത്ത പ്രചരിച്ചപ്പോൾ മുതൽ തലസ്ഥാനത്ത് അക്രമങ്ങളുടെ പരമ്പരയായിരുന്നു.
ടിവിയിലൂടെ അതൊക്കെ ആസ്വദിച്ചു കണ്ടുകൊണ്ടിരിക്കുകയായിരുന്നു മൂസ.
തന്റെ അനുചരന്റെ മരണംമൂസയെ ഞെട്ടിച്ചു.
അയാൾ വിവരം രാഹുലിനെ അറിയിച്ചു.
ഒരു നിമിഷത്തിനുശേഷം രാഹുലിന്റെ മറുപടി കിട്ടി.
'ഞാൻ ചീഫ് മിനിസ്റ്ററെ കാണാൻ പോകുകയാണ്. മടങ്ങിവന്നിട്ട് നമുക്ക് ബാക്കികാര്യം ചർച്ച ചെയ്യാം."
രാഹുൽ റെയ്ഞ്ച് റോവറിൽ കയറുകയായിരുന്നു. കാർ കോവളത്തിനുപാഞ്ഞു.
(തുടരും)